ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതു വരെ മാസ്ക് ഊരില്ലെന്ന് പ്രതിഞ്ജയെടുത്ത സ്ഥാനാര്‍ഥി ബഹുദൂരം പിന്നില്‍. പ്ലൂറല്‍സ് പാര്‍ട്ടി ചീഫ് പുഷ്പം പ്രിയ ചൗധരി ദർഭംഗ മണ്ഡലത്തില്‍ ഒരു ചലനവും സൃഷ്ടിക്കാനായില്ല. 2020 തില്‍ ബിജെപിയുടെ സഞ്ജയ് സരോഗി ജയിച്ച സീറ്റാണിത്.
വോട്ടെണ്ണല്‍ അഞ്ചാം റൗണ്ട് പിന്നിട്ടപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി സഞ്ജയ് 4648 വോട്ടിന് മുന്നിലാണ്. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ ഉമേഷ് സഹാനിയാണ് രണ്ടാമത്. പുഷ്പം പ്രീയയ്ക്ക് കിട്ടിയത് 295 വോട്ടാണ്.
മതവും ജാതിയും മാറ്റിനിര്‍ത്തി പുതിയൊരു രാഷ്ട്രീയം ബിഹാറിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുഷ്പം പ്രിയ 2020 തില്‍ ദി പ്ലൂറല്‍സ് പാര്‍ട്ടി ആരംഭിച്ചത്. വിസിലാണ് ചിഹ്നം. കഴിഞ്ഞ തവണ 148 സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ട പാര്‍ട്ടി ഇത്തവണ 243 സീറ്റിലാണ് മത്സരിക്കുന്നത്. കറുത്ത വസ്ത്രവും മാസ്കും അണിഞ്ഞാണ് പ്രിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം മാത്രമേ മാസ്ക് മാറ്റുകയുള്ളൂ എന്നാണ് പ്രതിജ്ഞ.
രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ള പ്രിയ മുന്‍ ജെഡിയു നേതാവ് വിനോദ് കുമാര്‍ ചൗധരിയുടെ മകളാണ്. മുത്തച്ഛന്‍ പ്രൊഫസര്‍ ഉമാകാന്ത് ചൗധരി മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ സഹായിയും സമതാ പാര്‍ട്ടി സ്ഥാപകനുമായിരുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നും ബിരുദം നേടിയ പ്രിയ രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുന്‍പ് ടൂറിസം, ഹെല്‍ത്ത് വകുപ്പുകളില്‍ കണ്‍സള്‍ട്ടാന്‍റായിരുന്നു.