ആര്‍എസ്എസ് ഹിന്ദുക്കള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു സംഘടനായാണോ? ഇന്ത്യയിലെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ആർഎസ്എസിൽ ചേരാൻ അനുവദിക്കുമോ? ഈ ചോദ്യം പലകാലങ്ങളില്‍ പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഒരു ഉത്തരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മറുപടിയുമായി ആര്‍എസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത് തന്നെ രംഗത്തെത്തിയിരിക്കുന്നു.

സംഘത്തിന് ജാതിയും മതവുമൊന്നും ഇല്ലെന്നാണ് ആര്‍എസ്എസ് തലവന്‍ പറയുന്നത്. മുസ്‌ലിമിനും ക്രിസ്ത്യാനിക്കും ആർഎസ്എസിൽ ചേരാന്‍ സാധിക്കും. പക്ഷേ ഭാരതാംബയുടെ മക്കളാണെന്ന് അവർ തിരിച്ചറിയണം. ആര്‍എസ്എസിന് ഒരു രാഷ്ട്രീയപ്പാർട്ടിയോടും പ്രത്യേകമായ അടുപ്പമില്ല. രാജ്യത്തിന് ഗുണകരമായ നയങ്ങൾ നടപ്പാക്കുന്ന ഏത് പാർട്ടിയെയും തങ്ങള്‍ പിന്തുണയ്ക്കുമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കുന്നു. ആർഎസ്എസിന്‍റെ നൂറാം വാർഷികത്തിന്‍റെ ഭാഗമായി ബെംഗളൂരുവില്‍ നടന്ന പരിപാടിയിലായിരുന്നു ആര്‍എസ്എസ് തലവന്‍റെ പരാമര്‍ശം. മുസ്‌ലിംകൾക്ക് ആർഎസ്എസിൽ ചേരാൻ അനുവാദമുണ്ടോയെന്ന് പരിപാടിയിൽ ചോദ്യമുയർന്നിരുന്നു.

ജാതിയും  മതവുമല്ല സംഘപരിവാറില്‍ ചേരുന്നതിനുള്ള മാനദണ്ഡം. അതില്‍ മുസ്ലീങ്ങളെന്നോ ക്രിസ്ത്യാനികളെന്നോ ബ്രാഹ്മണരെന്നോ ഭേദമില്ല. ഒരാള്‍ ശാഖയിലേക്കു വരുന്നത് ഭാരതമാതാവിന്‍റെ പുത്രനായിട്ടാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് അവരുടെ വേർതിരിവുകളെല്ലാം ഒഴിവാക്കിക്കൊണ്ട് സംഘത്തിലേക്ക് കടന്നുവരാം. മുസ്‌ലിംകളും ക്രിസ്ത്യാനികളും ശാഖയിലേക്കു വന്നാൽ, അവർ ആരാണെന്നു ഞങ്ങൾ ചോദിക്കുന്നില്ലെന്നും സർസംഘ ചാലക് പറയുന്നു.

ഒരു പടികൂടി കടന്ന് മറ്റൊരു പരാമര്‍ശം കൂടി മോഹന്‍ ഭാഗവത് നടത്തി. ബിജെപിക്കു പകരം രാമക്ഷേത്രത്തെ പിന്തുണച്ചത് കോൺഗ്രസായിരുന്നെങ്കില്‍ ആർഎസ്എസ് പ്രവർത്തകര്‍ കോൺഗ്രസിനു വോട്ട് ചെയ്യുമായിരുന്നു എന്ന് ആര്‍എസ്എസ് മോധാവി പറഞ്ഞു. എല്ലാ കാലത്തും നയങ്ങളെയും നിലപാടുകളെയുമാണ് ആർഎസ്എസ് പിന്തുണയ്ക്കുന്നത്. രാഷ്ട്രീയം വിഭജിക്കലിന്‍റേതാണെന്നും, സംഘപരിവാറിന്‍റെ ലക്ഷ്യമാകട്ടെ ഒന്നിപ്പിക്കലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് പരിവാറിന് പ്രത്യേക അടുപ്പമില്ലെന്നും, അങ്ങനെയൊരു സംഘ് പാർട്ടി രാജ്യത്ത് ഇല്ലെന്നും‌മാണ് മോഹൻ ഭാഗവതിന്‍റെ നിലപാട്. ഭാരതത്തിലെ പാർട്ടികളായതിനാൽ എല്ലാ പാർട്ടികളും തങ്ങളുടേതാണ്. രാജ്യത്തെ നേരായ ദിശയിലേക്ക് നയിക്കാൻ കഴിവുള്ളവരെ ആര്‍എസ്എസ് പിന്തുണയ്ക്കുമെന്നും സർസംഘ ചാലക് വ്യക്തമാക്കി.    

ENGLISH SUMMARY:

RSS ideology focuses on uniting people, not dividing them. Mohan Bhagwat clarified that RSS welcomes individuals regardless of religion, emphasizing their identity as children of Bharat Mata and will support any party that takes the country in the right direction.