ഹൈന്ദവ വിശ്വാസികള്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന യു.പി അയോധ്യയിലെ ശ്രീരാമക്ഷേത്രം. ബാബറി മസ്ജിദ് തകര്‍ത്തയിടത്ത്, വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഹിന്ദു വിഭാഗത്തിന് അനുവദിച്ച് കിട്ടിയ ഭൂമിയില്‍ പടുത്തുയര്‍ത്ത വമ്പന്‍ ക്ഷേത്രം. ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ മുതല്‍, പ്രാണപ്രതിഷ്ഠയിലും ധ്വജാരോഹണത്തിലും വരെ, പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍മികനായി എത്തിയ, ബി.ജെ.പിയും ആര്.എസ്.എസും വി.എച്ച്.പിയും ഉള്‍പ്പടെയുള്ള ഹിന്ദുത്വ സംഘടനകള്‍ അസാധാരണമായ നേട്ടമുണ്ടാക്കിയ ക്ഷേത്രപദ്ധതി. അതേ ശ്രീരാമക്ഷേത്രം ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് അവിടെ നടന്ന സംഭാവനതട്ടിപ്പിന്റെ പേരിലാണ്. പുറത്തുവരുന്ന സൂചനകള്‍ ശരിയെങ്കില്‍ കോടികള്‍ വെട്ടിച്ച മഹാതട്ടിപ്പാണ് ക്ഷേത്രത്തില്‍ നടന്നുകൊണ്ടിരുന്നത്. വിവാദമായതിന് പിന്നാലെ ഔദ്യോഗികമായി പരാതി നല്കി ക്ഷേത്രസമിതിയും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് യു.പി സര്‍ക്കാര്‍ മുഖം രക്ഷിച്ചിട്ടുണ്ട്. പക്ഷെ അത്ര എളുപ്പത്തില്‍ കൈ കഴുകാന്‍ ബി.ജെ.പിക്കും ആര്.എസ്.എസിനുമാകുമോ? പ്രത്യേകിച്ച് രാമക്ഷേത്ര നിര്‍മാണത്തിലും നടത്തിപ്പിലും നിര്‍ണായക പങ്ക് വഹിച്ചിരുന്ന വിശ്വഹിന്ദു പരിഷത്തിന്? അയോധ്യയിലെ രാംലല്ലയ്ക്ക് ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണവും വെള്ളിയും വജ്രവും പണവുമെല്ലാം കട്ടവര്‍ ആരാണ്? അത് അറിഞ്ഞിട്ടും അറിയാത്തതുപ്പോലെ നടിച്ച് കണ്ണടച്ച് ഇരുട്ടാക്കിയവര്‍ ആരെല്ലാം?