ബിഹാര്‍ നാളെ പോളിങ് ബൂത്തിലേക്ക്. അവസാനഘട്ട വോട്ടെടുപ്പില്‍ 122 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നേപ്പാള്‍ അതിര്‍ത്തി പൂര്‍ണമായി അടച്ചു. എന്‍.ഡി.എ ഭരണത്തില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുമെന്ന് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
നിശബ്ദ പ്രചാരണ ദിനത്തില്‍ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ യുവാക്കളുടെ ഭാവി ശോഭനമാകുമെന്നും എല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക ഉന്നമനം ഉണ്ടാകുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ സമൂഹമാധ്യമത്തില്‍ കുറിച്ചു. ജോലി വാഗ്ദാനംചെയ്ത് ഭൂമി തട്ടിയവരാണ് എല്ലാവര്‍ക്കും തൊഴില്‍ വാഗ്ദാനം ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പരിഹസിച്ചു.
അതിര്‍ത്തി ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുന്നതിനാലാണ് നേപ്പാള്‍ അതിര്‍ത്തി സീല്‍ ചെയ്തത്. 72 മണിക്കൂര്‍ സമയത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു. അര്‍ധസൈനിക വിഭാഗങ്ങള്‍ സുരക്ഷയൊരുക്കുന്നുണ്ട്. ആദ്യഘട്ടത്തിലെ റെക്കോര്‍ഡ് പോളിങ് രണ്ടാംഘട്ടത്തിലും ആവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍