ഗുജറാത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ അഴിമതി കാണിച്ചാൽ ഇനി വീട്ടിലിരിക്കാം. അഴിമതിക്കെതിരെ ശക്തമായ നിയമം ഉണ്ടാക്കിയിരിക്കുകയാണ് സർക്കാർ. അഴിമതി തെളിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് മുതൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വരെ ഉള്ളവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ വികസന ഓഫീസർക്ക് ഇനി അധികാരം ഉണ്ടാകും.
അഴിമതിക്കെതിരെ വിപ്ലവകരമായ നീക്കമാണ് ഗുജറാത്ത് സർക്കാർ നടത്തിയത്. കാലങ്ങളായി ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കെതിരെ ഉയർന്നുവരുന്ന അഴിമതിക്കെതിരെയാണ് സർക്കാർ വാൾ എടുത്തിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് പഞ്ചായത്ത് അംഗത്തിനെതിരെ അഴിമതി തെളിയിക്കപ്പെട്ടാൽ അയോഗിനാകും. ലളിതമായ അപേക്ഷയോ, വാക്കാലുള്ള പരാതികളുടെ അടിസ്ഥാനത്തിൽ പോലും അന്വേഷണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയും. പരാതി കിട്ടി മൂന്ന് മാസത്തിനകം നടപടിയെടുക്കണമെന്നാണ് നിയമം.
അഴിമതി തടയാൻ ഈ തീരുമാനം നല്ലതെന്ന് ഒരു വിഭാഗം വാദിക്കുമ്പോഴും, സ്വജനപക്ഷപാതം വർദ്ധിപ്പിക്കുമെന്ന് ആശങ്കയും ചിലർ പ്രകടിപ്പിക്കുന്നു. പഞ്ചായത്ത് രാജ് ചരിത്രത്തിൽ ആദ്യമായാണ് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നേരിട്ട് അധികാരം നൽകുന്ന വിജ്ഞാപനം ഇറങ്ങുന്നത്. ഇത് അഴിമതിക്കെതിരായ സർക്കാർ നയം വ്യക്തമാക്കുന്നു.