ഹരിയാന വോട്ടുകൊള്ള ആരോപണത്തിന് പിന്നാലെ പോരിനുറച്ച് രാഹുല്‍ ഗാന്ധി. ബിഹാറിലും വോട്ടുകൊള്ള നടക്കുന്നുവെന്ന് ആരോപിച്ചു. ഇനിയും തെളിവുകള്‍ പുറത്തുവിടുമെന്നും മുന്നറിയിപ്പ്. രാഹുലിന് സമനില തെറ്റിയെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പരിഹസിച്ചു. താൻ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്ന് ഹരിയാന വോട്ടര്‍ പട്ടികയില്‍ 223 പേരില്‍ ഫോട്ടോ പ്രത്യക്ഷപ്പെട്ട ചരണ്‍ജിത് കൗര്‍ പറഞ്ഞു.
ഹരിയാനയില്‍ സംഭവിച്ചത് ബിഹാറിലും ആവര്‍ത്തിക്കുമെന്ന് ബംഗയിലെ റാലിയില്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ ബി.ജെ.പി നേതാക്കള്‍ വരെ ബിഹാറില്‍ വോട്ടുചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് കമ്മിഷനും ചേര്‍ന്ന് ഭരണഘടനയെ ആക്രമിക്കുകയാണ്. ആരോപണം ഉന്നയിച്ച് രണ്ടുദിവസം പിന്നിട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചില്ല. രാജ്യത്തെ ജെന്‍ സിയെ വോട്ടുകൊള്ള ബോധ്യപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി.
രാഹുല്‍ ഗാന്ധിക്ക് സമനില തെറ്റിയെന്നും എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിനുതന്നെ അറിയില്ലെന്നും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രതികരിച്ചു. നുണയനായ രാഹുല്‍ വ്യാജ പ്രചാരണങ്ങളുടെ സ്റ്റാര്‍ട്ടപ്പ് നടത്തുകയാണ് എന്നും ധര്‍മേന്ദ്ര പ്രധാന്‍ അതിനിടെ മറ്റുള്ളവരുടെ പേരിനൊപ്പം തന്‍റെ ഫോട്ടോ വന്നത് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് എഴുപത്തിയഞ്ചുകാരിയായ ചരണ്‍ജിത് കൗര്‍ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു,. വോട്ടര്‍പട്ടികയില്‍ തന്‍റെയും 10 കുടുംബാംഗങ്ങളുടെയും പേരിനൊപ്പം ചരണ്‍ജീത്തിന്‍റെ ഫോട്ടോയാണെന്ന് ലഖ്മീര്‍ സിങ് എന്ന വോട്ടറും പറഞ്ഞു. ഹരിയാന വോട്ട് കൊള്ളക്കെതിരെ ഡൽഹിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.