Muzaffarpur: Polling officials with EVM and other election material leave for their respective booths on the eve of the first phase of the Bihar Assembly elections, in Muzaffarpur, Bihar, Wednesday, Nov. 5, 2025. (PTI Photo)(PTI11_05_2025_000297B)

  • വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ
  • 1341 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു
  • രണ്ടാംഘട്ട വോട്ടെടുപ്പ് നവംബര്‍ 11ന്

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്. 11 മണിവരെ 27.65 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. സമാധാനപരമായാണ് പോളിങ് പുരോഗമിക്കുന്നത്. പ്രധാന നേതാക്കളെല്ലാം വിജയപ്രതീക്ഷ പങ്കുവച്ചു. രാവിലെ ഏഴിന് പോളിങ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്കു മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു.

 

മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഭക്ത്യാര്‍പുര്‍ മണ്ഡലത്തിലെ 287 ആം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. എന്‍.ഡി.എ വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരുമെന്നും താരാപുര്‍ മണ്ഡലത്തില്‍ വോട്ടുചെയ്ത ശേഷം ബി.ജെ.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി പറഞ്ഞു

 

മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് ലാലുപ്രസാദ് യാദവിനും റാബറി ദേവിക്കും ഒപ്പമാണ് പറ്റ്നയില്‍ വോട്ട് ചെയ്യാന്‍ എത്തിയത്. മാറ്റത്തിനായി വോട്ട് ചെയ്യണമെന്നും 14 ന് പുതിയ സര്‍ക്കാര്‍ വരുമെന്നും തേജസ്വി പറഞ്ഞു. സ്ലിപ് ഇല്ലാത്തതിനാല്‍ വോട്ടുചെയ്യാന്‍ അനുവദിച്ചില്ലെന്ന് പട്‌നയിലെ ബൂത്തില്‍ രണ്ട് സ്ത്രീകള്‍ പരാതിപ്പെട്ടു

 

മഹാസഖ്യത്തിന്‍റെ ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളില്‍ വൈദ്യുതി ബന്ധം വിഛേദിച്ചെന്നും പോളിങ് വൈകിപ്പിക്കാനാണ് ശ്രമമെന്നും ആര്‍.ജെ.ഡി ആരോപിച്ചു. ആരോപണം തെറ്റിദ്ധാരണ ജനകമാണെന്നും എല്ലാ ബൂത്തിലും സുഗമമായി വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പ്രതികരിച്ചു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്.

ENGLISH SUMMARY:

The first phase of the Bihar Assembly elections begins today, with 121 constituencies across 18 districts voting to decide the fate of 1341 candidates. Polling is set from 7 AM to 6 PM, with tighter security in two high-risk segments. Key candidates include Mahagathbandhan's CM face Tejashwi Yadav and BJP Deputy CMs Samrat Choudhary and Vijay Sinha. The election is overshadowed by Rahul Gandhi's recent "vote theft" allegations, which he urged Biharis to counter with their votes for the INDIA alliance.