ജെഎൻയു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന്. എബിവിപി നേട്ടമുണ്ടാക്കുന്നത് തടയാൻ വീണ്ടും ഒന്നിച്ച് നിന്നാണ് ഇടതു വിദ്യാർഥിസംഘടനകളുടെ പോരാട്ടം. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ എസ്.എഫ്.ഐയുടെ കെ.ഗോപിക ബാബുവും ജനറൽ സെക്രട്ടറി സ്ഥാനാർഥിയായ എ.ഐ.എസ്.എഫിന്‍റെ യു.ഗോപികൃഷ്ണനുമാണ് മത്സര രംഗത്തുള്ള മലയാളികൾ.
2015 മുതൽ തുടരുന്ന പതിവ് തെറ്റിച്ച് കഴിഞ്ഞതവണ ഐസയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തിൽ വഴിപിരിഞ്ഞ് മത്സരിച്ചപ്പോൾ എബിവിപി ഉണ്ടാക്കിയ നേട്ടം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് ഇടത് സംഘടനകള്‍. കഴിഞ്ഞ തവണ എബിവിപി കേന്ദ്ര പാനലിൽ ജയിച്ചിരുന്നു. ഐസ, എസ്എഫ്ഐ, ഡിഎസ്എഫ് സംഘടനകളാണ് ഇടത് സഖ്യത്തിലുള്ളത്. ഐസയുടെ അതിഥി മിശ്രയാണ് ഇടതുസഖ്യത്തിന്റെ പ്രസിഡന്റ് സ്‌ഥാനാർഥി, ജോയിന്റ് സെക്രട്ടറി പദത്തിലേക്ക ഐസയുടെ ഡാനിഷ് അലിയും ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി ഡിഎസ്എഫിന്റെ സുനിൽ യാദവും മത്സരിക്കുന്നു. മലയാളിയും എസ്എഫ്ഐ നേതാവുമായ കെ. ഗോപിക ബാബു വാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഗോപിക സെന്റർ ഫോർ സ്‌റ്റഡി ഓഫ് ലോ ആൻഡ് ഗവേണൻസിൽ ഗവേഷകയാണ്.
എ.ഐ.എസ്.എഫ്, എബിവിപി, എന്‍.എസ്.യു.ഐ, ബാപ്‌സ എന്നിവ ഒറ്റക്ക് മത്സരിക്കുന്നു. വികാസ് പട്ടേലാണ് എബിവിപിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി. ടാനിയ കുമാരി വൈസ് പ്രസിന്‍റ് പദത്തിലേക്കും രാജേശ്വർ കാന്ത് ദുബെ ജനറൽ സെക്രട്ടറി പദത്തിലേക്കും അനുജ് ദമാര ജോയിന്റ് സെക്രട്ടറി പദത്തിലേക്കും മത്സരിക്കുന്നു. ക്യാമ്പസ് വിഷയങ്ങൾ മുതല്‍ ബീഹാര്‍ തിരഞ്ഞെടുപ്പ് വരെ ഇത്തവണ ചർച്ചയായിരുന്നു.