ബിഹാര്‍ മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്. 121 സീറ്റുകള്‍ ആദ്യ ഘട്ടത്തില്‍ വിധിയെഴുതും. കലാശകൊട്ടില്‍ ഭരണമാറ്റം ഉറപ്പിച്ച് ഇന്ത്യ സഖ്യ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് നിന്നപ്പോള്‍ എന്‍ഡിഎ മുഖം നിതീഷ് കുമാറിനെ എവിടെയും കണ്ടില്ല. 160ൽ കൂടുതൽ സീറ്റുകൾ നേടി NDA സർക്കാർ രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
കലാശക്കൊട്ടോടെ വാഗ്വാദത്തിനും വാഗ്ദാന പ്രഖ്യാപനങ്ങള്‍ക്കും വിരാമം. തീവ്ര വോട്ടർപട്ടിക പരിഷ്കരണവും രാഷ്ട്രീയ പാർട്ടികളുടെ നാടകീയ നീക്കങ്ങളും മൂലം രാജ്യമുറ്റുനോക്കിയ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനിനി ഒരു ദിവസം. ബീഹാര്‍ ഭരണമാറ്റം ഉറപ്പിച്ചെന്നും ആശങ്കയില്ലെന്നും ഇന്ത്യ സഖ്യ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്. അധികാരത്തിലെത്തിയാൽ നെല്ല് ക്വിൻ്റലിന് താങ്ങുവിലയെക്കാൾ 300 രൂപയും ഗോതമ്പിന് 400 രൂപയും കൂടുതൽ നൽകുമെന്നും പ്രചാരണത്തിന്റെ അവസാനമണിക്കൂറില്‍ തേജസ്വിയുടെ വാഗ്ദാനം.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭാവി ടിവി ചാനൽ പോലെ മോദിയും അമിത് ഷായും മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ നരേന്ദ്രമോദിക്ക് ശ്രദ്ധ റീലിലാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ റാലികളിലൊന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉണ്ടായില്ല. ആഭ്യന്തമന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ ഇന്ത്യ സഖ്യത്തെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചു. മേരാ ബൂത്ത് സബ്സെ മസ്ബൂത്' കാമ്പെയ്ൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ സ്ത്രീകളുമായി സംവദിച്ചു. പട്ന അടക്കം 121 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ മേഖലകളിൽ 61 സീറ്റുകൾ ഇന്ത്യാസഖ്യം നേടിയിരുന്നു.