nikki-devi-sonu-sood

TOPICS COVERED

ബിഹാര്‍ തിരഞ്ഞെടുപ്പിനിടെ കൊല്ലപ്പെട്ട യുവതിയുടെ കുഞ്ഞിനെ ദത്തെടുത്ത് ബോളിവുഡ് താരം സോനു സൂദ്. നവംബര്‍ ആറിന് ഭോജ്പൂര്‍ ജില്ലയിലെ ധുല്ലംചകില്‍ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് കുഞ്ഞിനേയും കൂട്ടി വോട്ട് ചെയ്യാന്‍ പോയ നിക്കി ദേവി എന്ന സ്ത്രീ കൊല്ലപ്പെട്ടത്. നിക്കിയുടെ കവിളിലൂടെയാണ് വെടിയുണ്ട തുളച്ചുപോയത്. രക്തത്തില്‍ കുളിച്ചുകിടന്ന നിക്കിയുടെ സമീപത്താണ് പത്ത് മാസം മാത്രം പ്രായമായ കുഞ്ഞിരുന്നിരുന്നത്. ഇവരുടെ വിവരം അറിഞ്ഞതിന് പിന്നാലെയാണ് ഇവരുടെ മകനെ സോനു സൂദ് ദത്തെടുക്കാന്‍ തീരുമാനിച്ചത്. 

കണ്ണീരോടെയാണ് സോനു സൂദിന് നിക്കിയുടെ ഭര്‍ത്താവ് രോഹിത് റായ് നന്ദി പറഞ്ഞത്. 'ഇന്നലെ വരെ എന്‍റെ ഭാര്യ എന്നോടൊപ്പമുണ്ടായിരുന്നു. ഇന്ന് അവള്‍ ഇല്ല. രാത്രിയില്‍ കുഞ്ഞ് അവളെ തിരയും. ഇപ്പോള്‍ ഞാനും കുഞ്ഞും മാത്രമേയുള്ളൂ. നാളെ ഞാന്‍ ഉണ്ടാകുമോ എന്ന് പോലും എനിക്ക് അറിയില്ല. സോനു സൂദ് എന്‍റെ മകനെ ദത്തെടുത്തെങ്കില്‍ അത് എനിക്ക് വലിയ ആശ്വാസമാണ്,' രോഹിത് പറഞ്ഞു. 

ഭൂമിഹാര്‍ ബ്രാഹ്​മിണ്‍ ഏകതാ ഫൊണ്ടേഷന്‍ നേതാവ് അശുതോശ് ഘോഷാണ് വിവരം സോനു സൂദിലേക്ക് എത്തിച്ചത്. അശുതോഷുമായി നടത്തിയ വിഡിയോ കോളിനിടെ സൂദ് ചാരിറ്റി ഫൗണ്ടേഷന്‍ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകള്‍ മുഴുവന്‍ ഏറ്റെടുക്കുമെന്ന് പറയുകയായിരുന്നു. 'അവനെ കെജി മുതല്‍ പിജി വരെ പഠിപ്പിക്കും', സോനു സൂദ് പറഞ്ഞു. 

സിനിമകളില്‍ വില്ലനായ സോനു സൂദ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പലപ്പോഴും റിയല്‍ ലൈഫ് ഹീറോയാവാറുണ്ട്. സൂദ് ചാരിറ്റി ഫൗണ്ടേഷനിലൂടെ സോനു സൂദ് നടത്തുന്ന വിദ്യാഭ്യാസ, ചികില്‍സാ സഹായങ്ങളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. 

ENGLISH SUMMARY:

Bollywood actor Sonu Sood has adopted the baby boy of Niki Devi, a woman who was killed during a clash that occurred on November 6 in Dhullamchak, Bhojpur district, amid the Bihar elections. Niki Devi had gone to cast her vote with her infant when violence broke out, leading to her death. After learning about the incident, Sonu Sood decided to adopt her child and take responsibility for his future.