മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പദം ആര്‍.ജെ.ഡി. തോക്കിന്‍കുഴലില്‍ നേടിയതെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മോദി നടത്തുന്നതെല്ലാം നുണപ്രചാരണമെന്ന് ഖര്‍ഗെ പറഞ്ഞു. നവംബര്‍ 18 ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്ന തേജസ്വി യാദവിന്‍റെ പരാമര്‍ശം സ്വപ്നം മാത്രമാണെന്ന് ബി.ജെ.പി. പരിഹസിച്ചു.
തോക്കിന്‍മുനയില്‍ നിര്‍ത്തി ആരെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ കഴിയില്ലെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. പ്രധാനമന്ത്രി ഇത്തരം കാര്യങ്ങള്‍ പറയുന്നത് അപഹാസ്യമാണ്.
തേജസ്വി യാദവ് 2020 ലും മുഖ്യമന്ത്രിപദം സ്വപ്നം കണ്ടതാണെന്നും ഒരിക്കലും നടക്കാത്ത സ്വപ്നമാണതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. ആര് മുഖ്യമന്ത്രിയാവണം എന്ന് ജനം തീരുമാനിക്കുമെന്ന് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും വ്യക്തമാക്കി.
ബിഹാറിലെ റാലിയില്‍ മഹാസഖ്യത്തിനെതിരെ രൂക്ഷ പരിഹസാവുമായി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. മോശമായതെന്നും കാണില്ല, കേള്‍ക്കില്ല, പറയില്ല എന്നായിരുന്നു ഗാന്ധിജിയുടെ ആശയം. ഇന്ന് ഇന്ത്യ സഖ്യത്തില്‍ ഇതിന് വിരുദ്ധമായ മൂന്ന് വിഭാഗം ആളുകളാണ് ഉള്ളതെന്ന് രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് യോഗി പറഞ്ഞു.