mallikarjun-kharge-2

ആര്‍എസ്എസിനെ നിരോധിക്കണമെന്ന്  കോണ്‍ഗ്രസ് അധ്യക്ഷന്‍  മല്ലികാര്‍ജുന്‍ ഖര്‍ഗെ. അക്കാര്യം താന്‍ തുറന്നുതന്നെ പറയുമെന്നും കോണ്‍ഗ്രസ് ഭരിക്കുന്നിടത്ത് എന്‍ഇപി പുനഃപരിശോധിക്കുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.  രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശക്തികളെ നിരോധിക്കുക തന്നെ വേണം എന്ന് മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. പട്ടേലിന് കോൺഗ്രസ് അർഹമായ പരിഗണന നൽകിയില്ലെന്ന പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ആരോപണങ്ങൾക്ക് മറുപടിയായാണ് ആർഎസ്എസിനെ നിരോധിക്കണമെന്ന ആവശ്യം ഖർഗെ ഉന്നയിച്ചത്. 

ചരിത്രം വളച്ചൊടിക്കാനും എൻസിഇആർടി പാഠപുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്താനുമുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമങ്ങളെ അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ദേശീയ വിദ്യാഭ്യാസ നയം (NEP) പുനഃപരിശോധിക്കുമെന്നും ഖർഗെ വ്യക്തമാക്കി. താൻ ആർഎസ്എസുമായി സന്ധി ചെയ്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങളെയും അദ്ദേഹം തള്ളി.

അതേസമയം, സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ നൂറ്റി അന്‍പതാം ജന്‍മവാര്‍ഷികാഘോഷ ചടങ്ങില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിനെ വിഭജിച്ചത് നെഹ്റുവാണെന്നും കോണ്‍ഗ്രസിന്‍റെ തെറ്റുകള്‍ക്ക് രാജ്യം ഇപ്പോഴും ശിക്ഷ അനുഭവിക്കുകയാണെന്നും ഗുജറാത്ത് കെവാഡിയയിലെ ചടങ്ങില്‍ മോദി പറഞ്ഞു. രാഷ്ട്രപതി ഡല്‍ഹി പട്ടേല്‍ ചൗക്കില്‍ ആദരമര്‍പ്പിച്ചു.

കശ്മീരിനെ മുഴുവനായി ഇന്ത്യക്കൊപ്പം ചേര്‍ത്തുനിര്‍ത്താനായിരുന്നു സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി. നെഹ്റു അതിന് അനുവദിച്ചില്ല. ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന പാക്കിസ്ഥാന് ഇപ്പോള്‍ ഇന്ത്യയുടെ ശക്തി മനസിലായെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് മാവോയിസം വളരാന്‍ കാരണം കോണ്‍ഗ്രസാണ്. ഇന്ന് മാവോയിസം ഏറെക്കുറെ ഇല്ലാതായി. വോട്ട് ബാങ്കിനായി കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റം പ്രോല്‍സാഹിപ്പിച്ചു. നുഴഞ്ഞുകയറ്റക്കാരെ പൂര്‍ണമായി പുറത്താക്കുമെന്നും മോദി

റിപ്പബ്ലിക് ദിനത്തെ അനുസ്മരിപ്പിക്കുന്ന പരേഡാണ് കെവാഡിയയിലെ ഏകതാ പ്രതിമയ്ക്കു മുന്നില്‍ അരങ്ങേറിയത്. സി.എ.പി.എഫും ബി.എസ്.എഫും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും അണിനിരന്നു. വനിതകളാണ് പരേഡ് നയിച്ചത്. പ്രധാനമന്ത്രി സെല്യൂട് സ്വീകരിച്ചു. വര്‍ണാഭമായ കലാപ്രകടനങ്ങളും അരങ്ങേറി

ഡല്‍ഹി പട്ടേല്‍ ചൗക്കിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുഷ്പാര്‍ച്ചന ടനത്തി. തുടര്‍ന്ന് മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു

ENGLISH SUMMARY:

Congress president Mallikarjun Kharge has called for a ban on the Rashtriya Swayamsevak Sangh (RSS). Kharge stated that he would openly demand the ban and also announced that Congress-ruled states would review the National Education Policy (NEP). He emphasized that organizations dividing the nation must be banned. Kharge’s remarks came in response to Prime Minister and Home Minister’s allegations that Congress failed to give due recognition to Sardar Patel.