വഖഫ് നിയമഭേദഗതി മരവിപ്പിക്കും എന്നതടക്കം വന്‍ വാദ്ഗാനങ്ങളുമായി ബിഹാറില്‍ മഹാസഖ്യത്തിന്‍റെ പ്രകടന പത്രിക. സ്ത്രീകള്‍ക്ക് മാസം 2500 രൂപനല്‍കുമെന്നും ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രകടന പത്രിക പറയുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബിഹാറിലെ മഹാസഖ്യത്തിന്‍റെ പ്രകടന പത്രിക.
അധികാരത്തില്‍ എത്തിയാല്‍ 20 ദിവസത്തിനകം ഒരു കുടംബത്തിലെ ഒരാള്‍ക്ക് ജോലി ഉറപ്പാക്കുന്ന നിയമം കൊണ്ടുവരും. വനിതകള്‍ക്ക് മാസം 2500 രൂപ നല്‍കും. 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില. 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിങ്ങനെ നീളുന്നു വാഗ്ദാനങ്ങള്‍. നിതീഷ് കുമാര്‍ ബിജെപിയുടെ കളിപ്പാവയാണെന്നും ജയിച്ചാലും നിതീഷിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി. അനുവദിക്കില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.
പ്രകടന പത്രികയില്‍ ഉടനീളം തേജസ്വി യാദവ് ആണ് നിറഞ്ഞുനില്‍ക്കുന്നത്. പേര് തേജസ്വിയുടെ പ്രതിജ്ഞ. വലിയ ചിത്രവും ഉണ്ട്. മുകളില്‍ അപ്രധാനമായാണ് രാഹുല്‍ ഗാന്ധിയടക്കം നേതാക്കളുടെ ചിത്രങ്ങള്‍ നല്‍കിയിരിക്കുന്നത്. അതിനിടെ ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോറിന് ബംഗാളിലും ബിഹാറിലും വോട്ടുണ്ടെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചു.