ബീഹാറില്‍ ഇന്ത്യ സഖ്യത്തിന്‍റെ സീറ്റ് വിഭജന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍. എഐസിസി നിരീക്ഷകൻ അശോക് ഗെലോട് ഉടന്‍ തേജസ്വി യാദവുമായി ചർച്ച നടത്തും. അഭിപ്രായ ഭിന്നതകളില്ലെന്നും നാളെ സംയുക്ത വാര്‍ത്ത സമ്മേളനം നടത്തുമെന്നും തേജസ്വി പ്രതികരിച്ചു. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് വമ്പന്‍ വാഗ്ദാനങ്ങളാണ് തേജസ്വി ഇന്ന് പ്രഖ്യാപിച്ചത്. അതേസമയം എന്‍.ഡി.എ സ്ഥാനാർത്ഥികൾ പ്രചാരം ആരംഭിച്ചു.
സീറ്റ് വിഭജന ചർച്ചകൾ ഇന്ത്യ സഖ്യത്തിനേല്‍പ്പിച്ച ക്ഷതം ചില്ലറയല്ല. അത് എത്രയും പെട്ടെന്ന് മറികടക്കാനൈാണ് ശ്രമം. പരസ്പരം മത്സരിക്കുന്ന 11 സീറ്റുകളില്‍ പരിഹാരം കണ്ട ശേഷം നാളെ പട്നയില്‍ സംയുക്ത വാര്‍ത്ത സമ്മേളനം നടത്താനാണ് തീരുമാനം. ചര്‍ച്ചക്കായി എഐസിസി നിരീക്ഷകൻ അശോക് ഗെലോട് പട്നയില്‍ എത്തി. കെ സി വേണുഗോപാല്‍ തേജസ്വി യാദവുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് നീക്കം. സീറ്റ് എണ്ണത്തില്‍ പരമാവധി വിട്ട് വീഴ്ചക്ക് തയ്യാറായെന്നാണ് കോണ്‍ഗ്രസ് വാദം. സംയുക്ത വാർത്താസമ്മേളനത്തില്‍ തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കും.
സംസ്ഥാനത്ത് പകുതിയിലധികമുള്ള സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് എല്ലാ പാര്‍ട്ടികളുടെയും പ്രചാരണം. സ്വയം പര്യാപ്തതയും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടുള്ള ജീവിക ദീദി, മാ ബേട്ടി എന്നി പദ്ധതികളുമായി ബന്ധപ്പെട്ട പ്രഖ്യാപനമാണ് തേജസ്വി ഇന്ന് നടത്തിയത്. ജീവിക ദീദി പദ്ധതിയിൽ ഉൾപ്പെട്ടവരെ സർക്കാർ ജീവനക്കാരാക്കി 30,000 രൂപ പ്രതിമാസ വേതനം നല്‍കും. പലിശ രഹിത വായ്പയും 5 ലക്ഷത്തിന്റെ ഇൻഷുറൻസും ലഭ്യമാക്കും. എന്‍.ഡി.എ ഇന്ത്യ സഖ്യത്തിന്റെ പദ്ധതികളെ അനുകരിക്കുകയാണെന്നും പണം നല്‍കി വോട്ട് പിടിക്കാനാണ് ശ്രമിക്കുന്നതെന്നും തേജസ്വി വിമര്‍ശിച്ചു. .അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാർ മുസഫർ പൂരിൽ പ്രചാരണ ത്തിന് തുടക്കം കുറിച്ചതോടെ എന്‍.ഡി.എ സ്ഥാനാർത്ഥികൾ മണ്ഡലങ്ങളിൽ എത്തി.