തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയെങ്കിലും ബിഹാറിൽ നാടിളക്കിയുള്ള പ്രചാരണമൊന്നും തുടങ്ങിയിട്ടില്ല. പറ്റ്നയിലെ പാർട്ടി ആസ്ഥാനങ്ങളിൽ മാത്രമാണ് ആളനക്കമുള്ളത്. ആര്‍ജെഡി ഓഫിസിലെത്തിയപ്പോൾ കണ്ട ഒരു കാഴ്ച കൗതുകമുളവാക്കി. പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയും ആയ ലാലു പ്രസാദ് യാദവിന്‍റെ ഒരു ചിത്രം പോലും എവിടെയുമില്ല.
നഗരത്തിൽ എവിടെയും പോസ്റ്ററുകളോ ബാനറുകളോ ഇല്ല. പക്ഷേ പാർട്ടി ആസ്ഥാനങ്ങളിൽ നേതാക്കളുടെ കൂറ്റൻ ഫോട്ടോകളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഉൾപ്പെടുത്തിയ പടുകൂറ്റൻ ഫ്ലക്സുകൾ ഉണ്ട്. മോദിയും നിതീഷ് കുമാറും തേജസ്വി യാദവും രാഹുൽ ഗാന്ധിയും നിറഞ്ഞുനിൽക്കുന്നു.
ആര്‍ജെഡി ആസ്ഥാനത്തിനകത്തും പുറത്തും ലാലു പ്രസാദ് യാദവിന്‍റെ ഒരു ചിത്രം പോലും ഇല്ല. പേരിനാണെങ്കിലും റാബറി ദേവിയുടെ ഫോട്ടോയുള്ള ഒരു പോസ്റ്റർ ഉണ്ട്. ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും കിംഗ് മേക്കറായിരുന്ന നേതാവാണല്ലോ എന്ന് ഓർത്തു പോയി.