യുപിയിൽ കള്ളൻ എന്ന് ആരോപിച്ച് ആൾക്കൂട്ടം അടിച്ചു കൊന്ന ദളിത് യുവാവ് ഹരിയോമിന്‍റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി. കുടുംബത്തിന്‍റെ  ആവശ്യങ്ങൾ  നിറവേറ്റും എന്നും  ദളിതർക്ക് എതിരായ അതിക്രമങ്ങളിൽ ശക്തമായ നിലപാട്  സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി  ആവർത്തിച്ചു. രാഹുൽ ഗാന്ധി എത്തുന്നതിന് തൊട്ടുമുൻപ് കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്നും യോഗി ആദിത്യനാഥ് ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും കുടുംബം പറഞ്ഞത് നാടകീയ രംഗങ്ങൾ വഴി വച്ചു.

ഒക്ടോബർ മൂന്നിനാണ് കള്ളൻ എന്ന് ആരോപിച്ച് ദലിത് യുവാവായ ഹരി ഓമിനെ ആൾക്കൂട്ടം അടിച്ചു കൊന്നത്. മരണത്തിന് തൊട്ടുമുൻപ് ഹരിയോം രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞത് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചു. യോഗിയുടെ നാടാണെന്നും ഞങ്ങൾ അദ്ദേഹത്തിന്‍റെ  ആളുകളാണെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം ഹരി ഓമിനെ കൊലപ്പെടുത്തിയത്. അന്നുതന്നെ ഫത്തേപൂരിലുള്ള കുടുംബവുമായി ഫോണിൽ സംസാരിച്ച രാഹുൽഗാന്ധി വീട്ടിലെത്തുമെന്ന് ഉറപ്പു നൽകിയിരുന്നു.

രാഹുൽ ഗാന്ധി എത്തുന്നതിന് മണിക്കൂറുകൾക്കു മുൻപാണ് കൂടിക്കാഴ്ചയ്ക്ക് താല്പര്യമില്ലെന്നും യോഗി ആദിത്യനാഥ് തങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും കുടുംബം പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. രാഹുൽ ഗാന്ധിക്ക് ഗോ ബാക്ക് വിളിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അവസരം മുതലാക്കി രാഷ്ട്രീയം കളിക്കരുതെന്നായിരുന്നു പോസ്റ്ററിലെ എഴുത്ത്. എന്നാൽ ഇതെല്ലാം മറികടന്നെത്തിയ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം  കുടുംബം എല്ലാ പിന്തുണയ്ക്കും നന്ദി അറിയിച്ചു. മരിച്ച അസമീസ് ഗായകൻ സുബിൻ ഗാർഗിന്‍റെ  കുടുംബത്തെയും രാഹുൽ ഗാന്ധി കാണും.

ENGLISH SUMMARY:

Rahul Gandhi visited the family of Hariyom, the Dalit youth lynched in UP. He assured the family of support and reiterated his commitment to addressing Dalit atrocities