ഗുജറാത്തില്‍ പുനഃസംഘടനയ്ക്കുശേഷം പുതിയ 26 അംഗ മന്ത്രിസഭ അധികാരമേറ്റു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലൊഴികെ 25 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. സഹമന്ത്രിയായിരുന്ന സൂറത്തില്‍നിന്നുള്ള എം.എല്‍.എ ഹർഷ് സംഘവി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാതിസമവാക്യങ്ങള്‍ പാലിച്ച് പട്ടീദാർ, ഒബിസി, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കി. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയടക്കം മൂന്ന് വനിതാ നേതാക്കളും മന്ത്രിസഭയിലുണ്ട്.
ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിൽനടന്ന ചടങ്ങില്‍ ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. പുനഃസംഘടനയ്ക്കായി മുഖ്യമന്ത്രി ഒഴികെയുള്ള 16 മന്ത്രിമാര്‍ ഇന്നലെയാണ് രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് മന്ത്രിസഭ പുനഃസംഘടന. സ്ഥാനമൊഴിയുന്ന മന്ത്രിമാർക്ക് പാര്‍ട്ടി ചുമതല നൽകും. വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോദിയുടെ നിർദേശം.