TOPICS COVERED

മധുര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തികദീപം വിവാദം പാര്‍ലമെന്‍റിലും . ദീപം തെളിക്കലിന് അനുകൂല  വിധി നല്‍കിയ ജഡ്ജിയെക്കുറിച്ചുള്ള ടി.ആര്‍ ബാലുവിന്‍റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കി. തമിഴ്നാട്ടില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഡിഎംകെ ആരോപിച്ചു. കോടതിവിധിയെയും വിശ്വാസത്തെയും മാനിക്കാത്തവരാണ് ഡിഎംകെ സര്‍ക്കാരെന്ന് മന്ത്രി എല്‍.മുരുകന്‍ ആരോപിച്ചു. അതേസമയം കാര്‍ത്തികദീപം കേസ് അടിയന്തരമായി പരിഗണിക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല

തിരുപ്പരന്‍കുണ്‍ട്രം മലമുകളിലെ കാര്‍ത്തികദീപം തെളിക്കല്‍ വിവാദം തമിഴ്നാട്ടില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ബിജെപി ശ്രമമമാണെന്നും ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും തമിഴ്നാട്ടില്‍ നിന്നുള്ള പ്രതിപക്ഷ അംഗങ്ങള്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയം പരിഗണിക്കനാവില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ല റൂളിങ് നല്‍കി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ചോദ്യോത്തരവേള തടസപ്പെട്ടു. 

ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ ടി.ആര്‍ ബാലുവിന് അനുമതി നല്‍കി. ദീപം തെളിക്കാന്‍ അനുവദിച്ച ജഡ്ജിയെക്കുറിച്ച് ബാലു നടത്തിയ പരമാര്‍ശം വന്‍ ബഹളത്തിനിടയാക്കി. ​ബാലുവിന്‍റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കിയ ചെയര്‍, തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രി എല്‍.മുരുകനെ സംസാരിക്കാന്‍ അഇനുവദിച്ചു. ജുഡീഷ്യറിയെയും വിശ്വാസത്തെയും മാനിക്കാത്തവരാണ് ഡിഎംകെ സര്‍ക്കാരെന്ന് മുരുകന്‍ ആരോപിച്ചു.

​രാജ്യസഭയില്‍ ശബരി റെയില്‍ വൈകുന്നതിനെക്കുറിുച്ചുള്ള ചോദ്യം തര്‍ക്കത്തിനിടയാക്കി. ജെബി മേത്തറുടെ ചോദ്യത്തിന് ഇടയില്‍ ജോണ്‍ ബ്രിട്ടാസ് ഇടപെടാന്‍ ശ്രമിച്ചെങ്കിലും സഭാധ്യക്ഷന്‍ അനുവദിച്ചില്ല. കേരളത്തിലെ ഭരണ–പ്രതിപക്ഷ തര്‍ക്കം ജനങ്ങളെ ബാധിക്കുകയാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. പരസ്പരം പോരടിക്കുന്നെങ്കിലും കേരളത്തില്‍ വികസനം ഉണ്ടാകരുത് എന്നതില്‍ ഒറ്റക്കെട്ടാണെന്നും അശ്വിനി വൈഷ്ണവ്‍ കുറ്റപ്പെടുത്തി. 

ENGLISH SUMMARY:

Karthigai Deepam controversy at Madurai Subramanya Swamy Temple sparks parliamentary debate. The DMK government faces criticism over respecting court verdicts and religious beliefs, leading to heated discussions in both Lok Sabha and Rajya Sabha.