ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകളില്‍ തര്‍ക്കം തുടര്‍ന്ന് ഇന്ത്യ സഖ്യം. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തമ്മിലാണ് പ്രധാന തര്‍ക്കം. 65 സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോള്‍ 52 നല്‍കാമെന്നാണ് ആര്‍ജെഡി പറയുന്നത്. സിപിഐഎംഎല്‍, സിപിഐ, സിപിഎം എന്നിവര്‍ക്ക് 35 സീറ്റുമാണ് ആര്‍ജെഡി വാഗ്ദാനം. തര്‍ക്കം തുടരുന്നതിനിടെ എഐഎംഐഎം 100 സീറ്റില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതും ഇന്ത്യ സഖ്യത്തിന് തിരിച്ചടിയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിനേക്കാള്‍ അഞ്ചിരട്ടി സീറ്റുകളിലാണ് എഐഎംഐഎം ഇത്തവണ മല്‍സരിക്കാന്‍ ഒരുങ്ങുന്നത്. സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ച് ലാലുപ്രസാദ് യാദവിനും തേജസ്വി യാദവിനും കത്തയച്ചിരുന്നുവെന്നും പക്ഷെ മറുപടി ലഭിച്ചില്ലെന്നും സംസ്ഥാന പ്രസിഡന്‍റ് അക്തറുൽ ഈമാൻ പറഞ്ഞു. എൻഡിഎയും ഇന്ത്യ സഖ്യവും തങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ നിർബന്ധിതരാകുമെന്നും 2020-ൽ മതേതര വോട്ടുകൾ ഭിന്നിപ്പിച്ചു എന്ന് ആരോപിച്ച ഇന്ത്യ സഖ്യത്തിന് ഇനിയത് സാധിക്കില്ലെന്നുമാണ് എഐഎംഐഎമ്മിന്‍റെ നിലപാട്. ബിഹാറില്‍ എന്‍ഡിഎയ്ക്കും കോൺഗ്രസ്-ആർജെഡി കൂട്ടുകെട്ടിനും എഐഎംഐഎം ബദലാകുമെന്ന് ദേശീയ അധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസിയും പറഞ്ഞു.
2020-ല്‍ ബിഎസ്പി, രാഷ്ട്രീയ ലോക് സമാന്ത പാര്‍ട്ടി എന്നി പാര്‍ട്ടികളുമായി സഖ്യത്തിലായാണ് എഐഎംഐഎം മല്‍സരിച്ചത്. 17 ശതമാനം മുസ്‍ലിം ജനസഖ്യയുള്ള ബിഹാറില്‍ എഐഎംഐഎം വലിയ സ്വാധീനം ചെലുത്തിയിരുന്നു. അഞ്ച് സീറ്റില്‍ ജയിച്ച എഐഎംഐഎം കോണ്‍ഗ്രസ്, ആര്‍ജെഡി വോട്ട് ബാങ്കുകളില്‍ വലിയ കോട്ടമുണ്ടാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം എഐഎംഐഎമ്മിന്‍റെ നാല് എംഎല്‍എമാരും ആര്‍ജെഡിയില്‍ ചേര്‍ന്നു. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ മാത്രമാണ് പാര്‍ട്ടിയുടെ ഏക എംഎല്‍എ.
243 അംഗ ബിഹാര്‍ നിയമസഭയില്‍ രണ്ടു ഘട്ടമായി നവംബര്‍ ആറിനും 11 നുമാണ് വോട്ടെടുപ്പ്. നവംബര്‍ 14 നാണ് വോട്ടെണ്ണല്‍.
––––––––––––––––––––