ബിഹാറിലെ സീറ്റ് വിഭജനത്തില്‍ ആര്‍ജെഡി തുടരുന്ന ധാര്‍ഷ്ട്യത്തില്‍ ഇന്ത്യ സഖ്യത്തിലെ ഇടത്പാര്‍ട്ടികള്‍ക്ക് അതൃപ്തി. 65 സീറ്റുകളുടെ പട്ടിക ഇടതുപാര്‍ട്ടികള്‍ കൈമാറിയപ്പോള്‍ 40 സീറ്റുകളെ നല്‍കാനാകൂ എന്നാണ് RJD മറുപടി. അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ലെന്നാണ് സിപിഐ നിലപാട്. ഇതിനിടെ,സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഇന്ന് ചേരും.
ബീഹാര്‍ സീറ്റ് വിഭജനത്തിനിടയിലെ അസ്വാരസ്യങ്ങള്‍ സ്വാഭാവികം എന്ന് ഇന്ത്യ സഖ്യ നേതാക്കള്‍ പറയുന്നുണ്ടെങ്കിലും അന്തിമ ഘട്ടത്തില്‍ പിടിവലി ഏറുകയാണ്. പാര്‍ട്ടികളുടെ സ്വാധീനവും സാധ്യതകളും പരിഗണിക്കാതെ RJD അപമാനിക്കുന്നു എന്നതാണ് ഇടത് പാര്‍ട്ടികളിലെ വികാരം. സിപിഐ – എംഎല്‍ 30 ഉം സിപിഐ 24ഉം സിപിഎം 11ഉം സീറ്റുകളുടെ പട്ടിക കൈമാറി എങ്കിലും ആകെ 40 സീറ്റുകള്‍ നല്‍കാമെന്നാണ് RJD നിലപാട്. ഇതിന് പുറമെ സിപിഐ എം എല്ലിന്റെ ചില സീറ്റുകളില്‍ ആര്‍ജെഡി അവകാശവാദമുന്നയിക്കുന്നതും അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ ഉയര്‍ത്തിക്കാട്ടുന്നതിനോട് കോണ്‍ഗ്രസ് കാണിക്കുന്ന എതിര്‍പ്പ് ഇടത് പാര്‍ട്ടികള്‍ക്ക് ഇല്ല.
നീതിഷ് കുമാറിനെ താഴെ ഇറക്കാന്‍ സീറ്റ് വിഭനത്തില്‍ വിട്ട് വീഴ്ചക്ക് തയ്യാറായിരിക്കുകയാണ് കോണ്‍ഗ്രസ്. ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവും 30 സീറ്റുകളും വേണമെന്നതില്‍ ഉറച്ച് നിന്ന VIP നേതാവ് മുകേഷ് സാഹ്നിയെ അനുനയിപ്പിച്ചതായാണ് വിവരം. 14 സീറ്റ് വരെ നല്‍കാമെന്നാണ് ധാരണ.