ദീപക് പ്രകാശ് (ഇടത്), ഉപേന്ദ്ര കുശ്​വാഹ (വലത്)

‘രാഷ്ട്രീയത്തിലെ ധാര്‍മികതയെക്കുറിച്ച് അയാള്‍ വീമ്പിളക്കും. പക്ഷേ കാര്യത്തോടടുത്തപ്പോള്‍ അധികാരം കുടുംബത്തിലൊതുക്കി...’ ബിഹാറില്‍ എന്‍ഡിഎയിലെ മുഖ്യകക്ഷികളിലൊന്നായ രാഷ്ട്രീയ ലോക് മോര്‍ച്ച നേതാവ് ഉപേന്ദ്ര കുശ്‍വാഹയ്ക്കെതിരെ പാര്‍ട്ടി സംസ്ഥാനപ്രസിഡന്‍റ് മഹേന്ദ്ര കുശ്‍‌വാഹ പറഞ്ഞ വാക്കുകളാണിത്. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ തഴഞ്ഞ് മകനെ മന്ത്രിയാക്കിയ ഉപേന്ദ്രയുടെ നടപടിയില്‍ പ്രതിഷേധിച്ച് മഹേന്ദ്ര കുശ്‍‍വാഹ ഉള്‍പ്പെടെ 7 മുതിര്‍ന്ന നേതാക്കള്‍ രാജിവച്ചു.ആര്‍എല്‍എം വൈസ് പ്രസിഡന്‍റ് ജിതേന്ദ്രനാഥ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ കുമാര്‍, രാജേഷ് രഞ്ജന്‍ സിങ്, ബിപിന്‍ കുമാര്‍ ചൗരസ്യ, പ്രമോദ് യാദവ്, ഷെയ്ഖ്‌പുര ജില്ലാപ്രസിഡന്‍റ് പപ്പു മണ്ഡല്‍ എന്നിവരാണ് മഹേന്ദ്ര കുശ്‍വാഹയ്ക്കൊപ്പം പാര്‍ട്ടി വിട്ടത്.

Patna: Bihar Chief Minister Nitish Kumar felicitates RLSP President Upendra Kushwaha after the party merged with JD(U), in Patna, Sunday, March. 14, 2021. (PTI Photo)(PTI03_14_2021_000039B)

നിയമസഭാതിരഞ്ഞെടുപ്പില്‍ ആറ് സീറ്റില്‍ മല്‍സരിച്ച രാഷ്ട്രീയ ലോക് മോര്‍ച്ച നാലുസീറ്റില്‍ വിജയിച്ചിരുന്നു. ഉപേന്ദ്ര കുശ്‌വാഹയുടെ ഭാര്യ സ്നേഹലതയും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ സത്യപ്രതിജ്ഞാദിവസം ഉപേന്ദ്ര എംഎല്‍എ പോലുമല്ലാത്ത മകന്‍ ദീപക് പ്രകാശിനെ മന്ത്രിയാക്കി.  മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്. പാര്‍ട്ടി രൂപീകരണം മുതല്‍ സംഘടനയ്ക്കുവേണ്ടി വിയര്‍പ്പൊഴുക്കിയവരെയാണ് ഒറ്റയടിക്ക് തഴഞ്ഞത്. കുടുംബവാഴ്ചയുടെ ക്ലാസിക് ഉദാഹരണമാണ് ഉപേന്ദ്ര കുശ്‍വാഹയുടെ നടപടിയെന്ന് രാജിവച്ച വൈസ് പ്രസിഡന്‍റ് ജിതേന്ദ്രനാഥ് ആരോപിച്ചു.

സ്കൂളില്‍ തോറ്റയാളല്ല തന്‍റെ മകന്‍ എന്നായിരുന്നു വിമര്‍ശകര്‍ക്കുള്ള ഉപേന്ദ്ര കുശ്‍വാഹയുടെ മറുപടി. ‘അധ്വാനിച്ച് പഠിച്ച കംപ്യൂട്ടര്‍ എന്‍ജിനീയറിങില്‍ ബിരുദമെടുത്ത് ജോലി നേടിയ ആളാണ്. മന്ത്രിയെന്ന നിലയില്‍ സ്വയം തെളിയിക്കാന്‍ അവന് കുറച്ച് സമയം നല്‍കണം. കുടുംബാധിപത്യമെന്ന് ആരോപണമുണ്ടാകാം. പക്ഷേ പാര്‍ട്ടിക്കുവേണ്ടിയാണ് കടുത്ത തീരുമാനമെടുത്തത്’ – കുശ്‍വാഹ വിശദീകരിച്ചു. പാലാഴി മഥനം നടത്തുമ്പോള്‍ അമൃതും വിഷവും വരും. ചിലര്‍ക്ക് വിഷം കുടിക്കേണ്ടിവരും എന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു.

നിതീഷ് കുമാര്‍ മന്ത്രിസഭയിലെ പഞ്ചായത്തിരാജ് വകുപ്പ് മന്ത്രിയാണ് ദീപക് പ്രകാശ്. ആറുമാസത്തിനകം നിയമസഭയിലോ ലജിസ്ലേറ്റിവ് കൗണ്‍സിലിലോ അംഗമായില്ലെങ്കില്‍ മന്ത്രിപദവി നഷ്ടമാകും. നിയമസഭയിലേക്ക് മല്‍സരിച്ച് റിസ്കെടുക്കാനൊന്നും ദീപക്കും പിതാവും തയാറല്ല. ഉടന്‍ ഒഴിവുവരുന്ന ലെജിസ്ലേറ്റിവ് കൗണ്‍സില്‍ സീറ്റ് ദീപക്കിന് നല്‍കാനാണ് തീരുമാനം. 

ENGLISH SUMMARY:

Upendra Kushwaha, leader of the Rashtriya Lok Morcha (RLM), an NDA ally in Bihar, is facing a severe crisis after seven senior leaders, including State President Mahendra Kushwaha, resigned in protest. The mass exit followed Upendra Kushwaha's decision to appoint his non-MLA son, Deepak Prakash, as a minister, bypassing elected MLAs. The resigning leaders accused Kushwaha of hypocrisy and promoting dynasty politics. Upendra Kushwaha defended his decision, stating his son is a qualified computer engineer and that the "tough decision was taken for the party's benefit," adding that some people must "drink the poison" for the greater good. Deepak Prakash, the new Panchayat Raj Minister, will need to secure a Legislative Council seat within six months to retain his post.