Nagpur: RSS Chief Mohan Bhagwat addresses the gathering during the launch of Ajraamar SanghGeet' composed by Padma Shree singer Shankar Mahadevan, organised by Khasdar Sanskrutik Mahotsav Samiti marking the centenary year of RSS, in Nagpur, Sunday, Sept. 28, 2025. (PTI Photo)(PTI09_28_2025_000566B)
മഹാത്മാഗാന്ധി രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഗാന്ധിയെ ആദരിക്കുന്നുവെന്നും ആര്‍എസ്എസിന്‍റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. നാനാത്വമാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും നേരത്തേ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മോഹന്‍ ഭാഗവത് പരാമര്‍ശിച്ചിരുന്നു. ഒരുമിച്ചുനിന്നാല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാം. വിഘടിച്ചുനിന്നാല്‍ തകര്‍ന്നുപോകുമെന്നും അദ്ദേഹം വിജയദശമി ആഘോഷത്തില്‍ പറഞ്ഞു. സമുദായങ്ങളെ പ്രകോപിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നിയമപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുവേണം ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍. നമ്മളും അവരും എന്ന വേര്‍തിരിവ് മാറണമെന്നും വൈവിധ്യങ്ങളെ ചേര്‍ത്തുപിടിക്കണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
അയല്‍രാജ്യങ്ങളിലെ ആഭ്യന്തര അസ്വാരസ്യങ്ങള്‍ ശുഭസൂചനയല്ലെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞു. ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ അടുത്തിടെയുണ്ടായ ജനരോഷം ആശങ്കാജനകമാണ്. രാജ്യത്തിനകത്തും പുറത്തും ഇത്തരം അസ്വസ്ഥതയുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ടെന്നും ആര്‍എസ്എസ് മേധാവി കൂട്ടിച്ചേര്‍ത്തു.
'വിപ്ലവങ്ങളല്ല, ജനാധിപത്യ മുന്നേറ്റങ്ങളാണ് സമൂഹത്തില്‍ മാറ്റം കൊണ്ടുവരുന്നത്. ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ഒരു വിപ്ലവവും ലക്ഷ്യം കണ്ടിട്ടില്ല. ഫ്രാന്‍സ് അവരുടെ രാജാവിനെതിരെ പ്രക്ഷോഭം തുടങ്ങി, നെപ്പോളിയന്‍ ഏകാധിപതിയായി'. സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളില്‍ പലതും മുതലാളിത്ത ഭരണരീതിയില്‍ ചെന്നവസാനിച്ചതും ചരിത്രമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.