ദ്രാവിഡ രാഷ്‌ട്രീയത്തിനല്ലാതെ ക്ലച്ചില്ലാത്ത തമിഴ്‌നാട്ടില്‍ 'അരസിയല്‍' പ്രവര്‍ത്തനം തുടങ്ങിയ നടന്‍ വിജയ് തുടക്കത്തിലേ അടിതെറ്റിയ നിലയിലാണ്. കരൂരിലെ ആള്‍കൂട്ട ദുരന്തത്തില്‍ നഷ്‌ടപ്പെട്ട 41 ജീവനുകള്‍ താരത്തിന്‍റെയും ടിവികെ (തമിഴ് വെട്രി കഴകം) യുടേയും രാഷ്‌ട്രീയ ഭാവിക്ക് ഗുരുതരമായി മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 2 നു ലക്ഷങ്ങളെ അണിനിരത്തി ചെന്നൈയില്‍ വെച്ച് വിജയ് രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ കരൂരിലെ പൊതുയോഗം തീരുമാനിക്കുന്നത് വരെ എല്ലാം കൃത്യമായിരുന്നു. അമിത ആത്മവിശ്വാസം പക്ഷെ എല്ലാം തകിടം മറിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുകുടി, രാമനാഥപുരം, പുതുച്ചേരി എന്നിവടങ്ങളില്‍ വെച്ച് വിജയ് നടത്തിയ പര്യാടനത്തില്‍ നേടിയെടുത്ത രാഷ്‌ട്രീയ നേട്ടങ്ങളൊക്കെയും പടിക്കല്‍ കലമുടച്ചത് പോലെയായി
എന്നാല്‍ ഒരു നടനെന്ന പോലെ രാഷ്‌ട്രീയക്കാരനെന്ന നിലയ്‌ക്കും വിജയ് ഈ സമയം കൊണ്ട് വലിയ സ്വാധീനമുണ്ടാക്കിയെന്ന കണക്കു കൂട്ടല്‍ രാഷ്‌ട്രീയ എതിരാളികള്‍ക്കുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ TVK കാര്യമായി വോട്ട് പിടിക്കുമെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തുന്നുമുണ്ട്. അതിനാല്‍ കരൂരിലെ ദുരന്തത്തില്‍ രാഷ്‌ട്രീയ എതിരാളികള്‍ നീങ്ങുന്നത് അതീവ ജാഗ്രതയോടെ. ഇടയ്‌ക്കിടെ മോദിയെ വിമര്‍ശിക്കുന്നയാളായിട്ടും വിജയ്‌യെ ചേര്‍ത്ത് പിടിക്കുകയാണ് ബിജെപി. കരൂര്‍ സംഭവത്തിനു പിന്നാലെ DMK സര്‍ക്കാരിനെയും പൊലീസിനെയും പലതവണ രൂക്ഷമായി വിമര്‍ശിച്ച ബിജെപി സംസ്ഥാന നേതൃത്വം, ഒരു തവണ പോലും വിമര്‍ശനസ്വരം വിജയ്‌ക്കെതിരെ തിരിക്കാതെ ശ്രദ്ധിച്ചു. ഡിഎംകെ ക്കെതിരെ TVK യെ ഒപ്പം നിര്‍ത്താനാകുമെന്നും ടിവികെ വോട്ട് പിടിക്കുകയാണെങ്കില്‍ അത് ഡിഎംകെയുടെ പെട്ടിയില്‍ നിന്നാകുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. നിര്‍ജീവമായ AIDMK യെ ഒപ്പം നിര്‍ത്തിയുള്ള രാഷ്‌ട്രീയത്തിനു സംസ്ഥാനത്ത് ഇനി റോളില്ലെന്ന് പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ബിജെപി നേതാവ് കെ. അണ്ണാമലൈ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ രണ്ടു പ്രസ്‌താവനകള്‍ ഇങ്ങനെയാണ്.
"കരൂര്‍ ദൂരന്തത്തിനു പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍, മതിയായ പൊലീസ് വിന്യാസം പോലും ഉണ്ടായിരുന്നില്ല"
"പരിപാടിക്ക് വിചാരിച്ചതില്‍ ആളുകളെത്തുന്നത് വിജയ്‌യുടെ തെറ്റല്ല, വിജയ് തെറ്റുകാരനുമല്ല"
ഈ രണ്ടു പ്രസ്‌താവനകളില്‍ തന്നെ ടിവികെ യോടുള്ള ബിജെപിയുടെ സമീപനം വ്യക്‌തമാണ്. കഴിഞ്ഞ ദിവസം കരൂരിലെത്തിയ ഹേമമാലിനി എം.പി യുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യവും അതേ നിലയാണ് തുടര്‍ന്നത്. എന്നാല്‍ വിജയ് ഈ അടുപ്പത്തെ ഒരുതരത്തിലും പരിഗണിക്കുന്നില്ല. ആഭ്യന്തര മന്ത്രി അമിത്‌ഷാ ഫോണില്‍ വിളിച്ചിട്ടും വിജയ് സംസാരിക്കാന്‍ തയ്യാറായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രഖ്യാപന സമയത്ത് പറഞ്ഞതു പോലെ സമദൂരമാണ് വിജയ് പാലിച്ചു വരുന്നത്. വിജയ്‌യേയോ ടിവികെയേയോ ആക്രമിക്കാതെയാണ് AICC യുടെ നീക്കം. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ തുടക്കത്തില്‍ കടുത്ത ഭാഷയില്‍ വിജയ്‌യെ വിമര്‍ശിച്ചപ്പോള്‍ ആ നിലപാടിനു വിപരീതമായാണ് രാഹുല്‍ ഗാന്ധിയും എഐസിസിയും നീങ്ങിയത്. ബിജെപി നീക്കം മുന്നേ കണ്ടുള്ള രാഷ്‌ട്രീയ നീക്കമെന്ന പോലെ. ദുരന്തത്തിനു പിന്നാലെ രാഹുല്‍ ഗാന്ധി വിജയ്‌യെ ഫോണില്‍ വിളിച്ചു ആശ്വസിപ്പിച്ചുവെന്നത് കെസി വേണുഗോപാല്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തിയ പ്രസ്‌താവനകളൊക്കെയും 'രാഷ്‌ട്രീയമാക്കേണ്ടതില്ലെന്നതില്‍" അവസാനിപ്പിച്ചു. രാഹുല്‍ വിജയ്‌യെ വിളിച്ചത് ബിജെപി ഡിഎംകെ ക്കെതിരെ ആയുധമാക്കിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായിരുന്നില്ല. വിജയ് ഉണ്ടാക്കിയ രാഷ്‌ട്രീയ ഓളത്തെ കരൂര്‍ ദുരന്തം കൊണ്ട് അളക്കാനോ കുറച്ചു കാണിക്കാനോ ആവില്ലെന്ന് രണ്ടുകൂട്ടര്‍ക്കുമറിയാം. കമല്‍ഹസനും വിജയ്‌കാന്തും ശരത്‌കുമാറും ഒഴിഞ്ഞത് പോലെ വിജയ്‌യുടെ സെലിബ്രിറ്റി പൊളിറ്റിക്‌സ് തമിഴ്‌നാട് വിട്ടൊഴിയില്ലെന്നാണ് അവരുടെ കണക്കു കൂട്ടല്‍.