കരൂര്‍ ദുരന്തം വിജയ് എന്ന രാഷ്ട്രീയക്കാരന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവും. 39 പേര്‍ മരിച്ചതിന്റെ പാപഭാരം എക്കാലവും വിജയെ വേട്ടയാടുമെങ്കിലും റാലികള്‍ക്കെത്തുന്ന ജനക്കൂട്ടം എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. അനീതിക്കെതിരെ ഗര്‍ജിക്കുന്ന സിംഹമായി, കുടുംബത്തിലെ നല്ല ആണ്‍കുട്ടിയായി, സിനിമകളില്‍ നിറഞ്ഞ് തമിഴക മനസില്‍ അണ്ണന്‍ തമ്പി ഇമേജുണ്ടാക്കിയാണു വിജയ് വെള്ളിവെളിച്ചത്തില്‍ നിന്നു പെരിയോര്‍ കിളച്ചുമറിച്ചു പാകപെടുത്തിയ തമിഴക രാഷ്ട്രീയത്തിലേക്കിറങ്ങിയത്. അതും പ്രത്യായശാസ്ത്രങ്ങളുടെ അമിതകനങ്ങളൊന്നുമില്ലാതെ.
18+ ജന്‍സികളാണു വിജയ് രാഷ്ട്രീയത്തിന്റെ ലക്ഷ്യം. മക്കള്‍ രാഷ്ട്രീയത്തോടും ദ്രാവിഡ വാദത്തോടും മനസികമായ അകന്ന യുവാക്കളും കുട്ടികളുമാണ് റാലികളില്‍ നിറയുന്നത്. കൂടാതെ പ്രത്യായശാസ്ത്ര ഭാരമില്ലാതെ താരാധനയുള്ള സ്ത്രീകളും ഒഴുകിയെത്തുന്നു. 2026 നപ്പുറം 31 ല്‍ നിയമസഭയായ സെന്റ് ജോര്‍ജ് കോട്ടയാണ് ആത്യന്തിക ലക്ഷ്യം. ജയലളിതയുടെ അസാന്നിധ്യത്തില്‍ ശിഥിലമായികൊണ്ടിരിക്കുന്ന അണ്ണാ ഡി.എം.കെ ബാക്കിവെക്കുന്ന രാഷ്ട്രീയ വിടവിലേക്കാണ് വിജയ്‍യുടെ കണ്ണ്. അതിനാണു നിരന്തരം ഡി.എം.കെയെയും മക്കള്‍ രാഷ്ട്രീയത്തെയും കടന്നാക്രമിച്ചു സ്വയം എതിരാളിയാവാന്‍ ശ്രമിക്കുന്നത്.
കരൂര്‍ പോലുള്ള ഒരിടത്ത് രണ്ടുലക്ഷം പേരെ അണിനിരത്താന്‍ കേവലം ഒരുവയസ് മാത്രമുള്ള പാര്‍ട്ടിക്കായെങ്കില്‍ ഇനി ടി.വി.കെയെ അവഗണിച്ചു മുന്നോട്ടുപോകാന്‍ തമിഴക രാഷ്ട്രീയത്തിലെ മറ്റു പാര്‍ട്ടികള്‍ക്കാവില്ല. എം.ജി.ആറിനു ശേഷം സിനിമയില്‍ നിന്നു രാഷ്ട്രീയത്തിലിറങ്ങിയ വിജയ് കാന്ത്, ശരത് കുമാര്‍, കുശ്ബു, കമല്‍ഹാസന്‍ തുടങ്ങിയ താരങ്ങള്‍ക്കെല്ലാം തുടക്കത്തിലെ ആവേശം നിലനിര്‍ത്താനായില്ലെന്നതും ശ്രദ്ധേയമാണ്. കരൂര്‍ ദുരന്തത്തില്‍ സ്വീകരിക്കുന്ന തുടര്‍നിലപാടുകളിലാവും സാധ്യതകളുടെ കലയായ രാഷ്ട്രീയത്തില്‍ വിജയ് എന്ന താരത്തിന്റെ നിലനില്‍പ്പും ഭാവിയുമെല്ലാം.