ഏറെക്കാലം നീണ്ട രാഷ്ട്രീയ വിവാദങ്ങൾക്ക് ഒടുവിൽ വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തിന്റെ ബാധ്യത തീർത്ത് കെപിസിസി നേതൃത്വം. ബത്തേരി അർബൻ ബാങ്കിലെ 63 ലക്ഷത്തിന്റെ കടമാണ് അടച്ചുതീർത്തത്. പാർട്ടിയിൽ നിന്ന് നീതി വൈകിയെന്ന് വിജയന്റെ മരുമകൾ പത്മജ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുടെ ബാധ്യത താങ്ങാൻ കഴിയാതെ ആയിരുന്നു എൻ.എം.വിജയന്റെ ആത്മഹത്യ. കുടുംബവുമായി പാർട്ടി ഉണ്ടാക്കിയ കരാറിലെ ചൊല്ലി ആയിരുന്നു രാഷ്ട്രീയ വിവാദം. ഇതിനകം 20 ലക്ഷം രൂപ നൽകുകയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബാധ്യത പാർട്ടി തീർക്കുകയും ചെയ്തിരുന്നു. ബത്തേരി അർബൻ സഹകരണ ബാങ്കിലെ 63 ലക്ഷത്തിന്റെ ബാധ്യത ഇപ്പോൾ കെപിസിസി അടച്ച് തീർത്തതോടെ വാക്ക് പാലിക്കപ്പെട്ടന്ന് ടി.സിദ്ധിഖ് പ്രതികരിച്ചു. കോൺഗ്രസ് നീതി നടപ്പാക്കാൻ വൈകി എന്നായിരുന്നു വിജയൻ്റെ മരുമകൾ പത്മജയുടെ പ്രതികരണം.
ബാധ്യത തീർത്തില്ലെങ്കിൽ ഡിസിസി ഓഫിസിന് മുന്നിൽ അടുത്ത മാസം മുതൽ നിരാഹാരം തുടങ്ങാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സിപിഎം ഇത് രാഷ്ട്രീയ വിഷയമാക്കുന്നത് തടയുക എന്ന ലക്ഷ്യമാണ് വേഗത്തിലുള്ള കെപിസിസിയുടെ തീരുമാനത്തിന് പിന്നിൽ.