സീതാറാം യച്ചൂരി വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം. ഇടത് ആദർശങ്ങളിൽ അടിയുറച്ച് നിൽക്കുമ്പോഴും പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വക്താവായിരുന്ന സീതാറാമിന്‍റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താൻ ഇന്നും പാർട്ടിക്കായിട്ടില്ല. ഡൽഹി AKG ഭവനിൽ ഇന്ന് പ്രത്യേക അനുസ്മരണച്ചടങ്ങ് സംഘടിപ്പിക്കും.
എസ്എഫ്ഐ കാലം മുതൽ മനുഷ്യപക്ഷത്തുനിന്ന് സീതാറാം യച്ചൂരി വിളിച്ച മുദ്രാവാക്യങ്ങളുടെ അലയൊലികൾ ഇന്നും ഡൽഹിയുടെ തെരുവീഥികളിലുണ്ട്. സഹജമായ പുഞ്ചിരിയും ഉറച്ച നിലപാടുകളുമായി തലസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കോമ്രേഡ് യച്ചൂരി വളരെ നേരത്തേയാണ് വിടപറഞ്ഞതെന്ന് ഏവരും സമ്മതിക്കും.
ദേശീയ രാഷ്ട്രീയത്തിൽ ദുര്‍ബലമായ പാര്‍ട്ടിയെ സഖ്യസമവാക്യങ്ങളിലൂടെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. അതിന് പ്രത്യയശാസ്ത്രത്തിനപ്പുറവുമുള്ള വ്യക്തി ബന്ധങ്ങൾ കരുത്തായി. ജെഎൻയുവിൽ ഇന്ദിരാ ഗാന്ധിക്കെതിരെ പടനയിച്ച യച്ചൂരി, പതിറ്റാണ്ടുകൾക്കിപ്പുറം ഇന്ദിരയുടെ പാർട്ടിയുമായി ചേർന്ന് ബിജെപിക്കെതിരെ പൊരുതി. മികച്ച പാർലമെന്‍റേറിയൻ എന്ന നിലയിൽ ബിജെപി നേതാക്കളുടെയടക്കം ആദരവും നേടി.
പാർട്ടി നയംമാറ്റങ്ങളെ ശക്തമായി വിമർശിച്ച യച്ചൂരി. "കേരളത്തിലെ സഖാക്കൾ പാർട്ടി പരിപാടി ഒരിക്കൽ കൂടി പഠിക്കണം "എന്ന് തുറന്നടിക്കാൻ മടിച്ചില്ല. പാർട്ടി ജനറൽ സെക്രട്ടറിയായിരിക്കുമ്പാഴും AKG ഭവനിലെ ജീവനക്കാരോടടക്കമുള്ള പെരുമാറ്റത്തിൽ വിനയം കൈവിടാതിരുന്ന സഖാവിനെ 'മിസ് ' ചെയ്യാത്തവർ ആരുമില്ല.
മൃതദേഹം പോലും സമൂഹത്തിന് പ്രയോജനം ചെയ്യണം എന്ന യച്ചൂരിയുടെ ആഗ്രഹം യാഥാർഥ്യമാക്കാനാണ് വൈദ്യപഠനത്തിനായി ഡൽഹി എയിംസ് ആശുപത്രിക്ക് വിട്ടുകൊടുത്തത്. പുഷ്പാർച്ചന നടത്താൻ ഒരു ശവകുടീരം പോലും അവശേഷിപ്പിക്കാതെ കടന്നുപോയ കോമ്രേഡ് യച്ചൂരി ജനമനസുകളിൽ തിളക്കമുള്ള ഓർമയായി എന്നും അവശേഷിക്കും.