ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണന്‍ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു സത്യവാചകംചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ചടങ്ങിന് സാക്ഷ്യംവഹിച്ചു. മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്‍റെ സാന്നിധ്യം ശ്രദ്ധേയമായി.

പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ദൈവനാമത്തിലാണ് ചന്ദ്രാപുരം പൊന്നുസ്വാമി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തത്. വിവിധ സംസ്ഥാന ഗവര്‍ണര്‍മാരും എന്‍.ഡി.എ. മുഖ്യമന്ത്രിമാരും നേതാക്കളും ചടങ്ങിനെത്തി. അതേസമയം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിട്ടുനിന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം സി.പി.രാധാകൃഷ്ണന്‍ രാജ്ഘട്ടില്‍ ഗാന്ധി സമാധായില്‍ പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യ സഖ്യ സ്ഥാനാര്‍ഥി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയെ 152 വോട്ടിന് പരാജയപ്പെടുത്തിയാണ് സി.പി.രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായത്.

രാജിവച്ചശേഷം ആദ്യമായി പൊതുവേദിയില്‍ എത്തിയ മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. ഭാര്യക്കൊപ്പമാണ് എത്തിയത്. മുന്‍ ഉപരാഷ്ട്രപതിമാരായാ വെങ്കയ്യ നായിഡു, ഹാമിദ് അന്‍സാരി എന്നിവര്‍ക്കൊപ്പം മുന്‍നിരയില്‍ തന്നെ ഇരിപ്പിടം.  ധന്‍കര്‍ എവിടെയെന്ന പ്രതിപക്ഷത്തിന്‍റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനും വീട്ടുതടങ്കലിലാണെന്നതടക്കമുള്ള ആരോപണത്തിനും ഇതോടെ മറുപടിയായി. കേന്ദ്രസര്‍ക്കാരുമായി ഭിന്നതയെ തുടര്‍ന്നാണ് ധന്‍കര്‍ രാജിവച്ചതെന്ന് ശക്തമായ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ENGLISH SUMMARY:

C. P. Radhakrishnan has been sworn in as the 15th Vice President of India at a ceremony held at Rashtrapati Bhavan. President Droupadi Murmu administered the oath of office. The event was attended by Prime Minister Narendra Modi, Union Ministers, and NDA leaders. Notably, former Vice President Jagdeep Dhankhar was also present, his first public appearance since his resignation, which dispelled rumors of a rift with the central government. Radhakrishnan defeated INDIA alliance candidate Justice B. Sudarshan Reddy by a margin of 152 votes. Following the ceremony, he paid tribute at the Raj Ghat.