നാളെ നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിആര്‍എസും ബിജെഡിയും തീരുമാനിച്ചു. എന്‍ഡിഎക്ക് വിജയം ഉറപ്പെങ്കിലും വോട്ടുകളില്‍ കുറവ് ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയിലാണ് ഭരണ–പ്രതിപക്ഷങ്ങള്‍. വിജയത്തിനപ്പുറം ഭരണഘടന സംരക്ഷണത്തിനായുള്ള പോരാട്ടമാണിതെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു. ആര്‍എസ്എസ് നേതാവ് സി.പി രാധാകൃഷ്ണനെ നേരിടാന്‍ മുന്‍ ജഡ്ജി ബി. സുദര്‍ശന്‍ റെഡ്ഡിയെയാണ് ഇന്ത്യ സഖ്യം കളത്തിലിറക്കിയിട്ടുള്ളത്.
പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലുമായി 781 അംഗങ്ങൾക്കാണ് വോട്ടവകാശം. എന്‍ഡിഎക്ക് 423 ഉം പ്രതിപക്ഷത്തിന് 322ഉം അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. മറ്റുള്ളവര്‍ 36 . ഇതില്‍ 7 വോട്ടുള്ള BJDയും 4 വോട്ടുള്ള ബിആര്‍എസും വിട്ടു നില്‍ക്കുമെന്ന് വ്യക്തമാക്കി. 391 വോട്ടാണ് ജയിക്കാന്‍ വേണ്ടത്. ബിഹാര്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കെ വോട്ട് എണ്ണത്തില്‍ കുറവുണ്ടാകുന്നത് മുന്നണികള്‍ക്ക് ക്ഷീണമാകും .ആശയപോരാട്ടത്തില്‍ ഇന്ത്യ സഖ്യം ഒറ്റക്കെട്ടെന്ന് എംപിമാര്‍ പ്രതികരിച്ചു.
പഞ്ചാബ് സന്ദര്‍ശനം ഉള്ളതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം വോട്ട് രേഖപ്പെടുത്തിയേക്കും. പിന്നാലെ പഞ്ചാബിലെയും ഹിമാചലിലെയും എംപിമാരും. രാവിലെ മുതല്‍ വൈകീട്ട അഞ്ചുമണി വരെയാണ് വോട്ടെടുപ്പ്. പിന്നാലെ വോട്ടെണ്ണല്‍. NDAയും ഇന്ത്യ സഖ്യവും ഇന്ന് എംപിമാരുടെ യോഗം ചേര്‍ന്ന് മോക്ക് പോള്‍ നടത്തി. പുതിയ അംഗങ്ങള്‍ക്ക് പോളിങ് രീതിയും വിശദീകരിച്ചു നല്‍കി.