പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം സമാപിച്ചു. രണ്ടാം ഘട്ടം മാര്‍ച്ച് ഒന്‍പതിന് ചേരും. സ്പീക്കര്‍ ഓം ബിര്‍ലക്കെതിരായ അവിശ്വാസപ്രമേയവും രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയവുമായി സമാനതകളില്ലാത്ത ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലിനാണ് സഭ സാക്ഷ്യം വഹിച്ചത്.
രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയത്തില്‍ തുടങ്ങി, നരവനെ വിവാദം രാജ്യസുരക്ഷയും പ്രതിപക്ഷ അവകാശങ്ങളും സംബന്ധിച്ച ചോദ്യങ്ങള്‍ സഭയിലുയര്‍ന്നു. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തത് ജനാധിപത്യത്തെ കശാപ്പ് ചെയ്യലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഇല്ലാത്ത പുസ്തകത്തിന്‍റെ പേരില്‍ പ്രധാനമന്ത്രിയെ സംശയനിഴലിലാക്കുന്നുവെന്ന് ഭരണപക്ഷത്തിന്‍റെ തിരിച്ചടി.
പ്രതിഷേധത്തിന്‍റെ പേരില്‍ എട്ട് എംപിമാര്‍ ഈ സമ്മേളന കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്യപ്പെട്ടു. കോണ്‍ഗ്രസ് വനിതാ എംപിമാര്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് അടുത്തുപോയി പ്രതിഷേധിച്ചത് അസാധാരണ നീക്കമായി. ഇത് സ്പീക്കറുടെ ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങി. പ്രതിഷേധം മൂലം ലോക്സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ പ്രധാനമന്ത്രി രാജ്യസഭയില്‍ പകരം വീട്ടി.
ഇന്ത്യ സഖ്യത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികള്‍ സ്പീക്കര്‍ ഓാം ബിര്‍ലയെ നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ഇതോടെ അവിശ്വാസപ്രമേയത്തില്‍ തീരുമാനമാകും വരെ താന്‍ അധ്യക്ഷത വഹിക്കാനില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. ബജറ്റ് ചര്‍ച്ചയിലായിരുന്നു രണ്ടാംഘട്ട പോരാട്ടം. ഇന്ത്യ–യുഎസ് വ്യാപാരകരാറില്‍ രാജ്യതാല്‍പര്യങ്ങള്‍ അമേരിക്കയ്ക്ക് അടിയറവച്ചെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ, രാജ്യത്തെ വില്‍ക്കാന്‍ നാണമില്ലേയെന്ന ചോദ്യം വന്‍ വിവാദമായി.
രാഹുല്‍ ഗാന്ധി രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുവെന്നും അദ്ദേഹത്തിന്‍റെ ലോക്സഭാംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ നല്‍കിയ നോട്ടീസായിരുന്നു അവസാന ദിവസങ്ങളിലെ ചര്‍ച്ചാ വിഷയം. സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന്‍റെയും രാഹുല്‍ ഗാന്ധിക്കെതിരായ പ്രമേയത്തിന്‍റെയും ഭാവിയെന്തെന്ന് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിലറിയാം.