ബീഡിയുടെ ജി.എസ്.ടി. കുറച്ചതിനെ ബിഹാറുമായി ചേർത്തുള്ള കെ.പി.സി.സി. എക്സ് പോസ്റ്റിൽ കടുത്ത അതൃപ്തിയുമായി ഇന്ത്യാ സഖ്യ പാർട്ടികളും എ.ഐ.സി.സി. നേതൃത്വവും. സംസ്ഥാനത്ത് രാഹുൽ ഗാന്ധിയും സഖ്യവും ഉണ്ടാക്കിയ മുന്നേറ്റത്തിന് മങ്ങലേൽപ്പിക്കുന്ന നീക്കമെന്ന് വിലയിരുത്തൽ. അതേസമയം പ്രധാനമന്ത്രിയുടെ വാരണാസിയിൽ നടന്ന വോട്ട് കൊള്ളയുടെ വ്യക്തമായ തെളിവ് കൈവശമുണ്ടെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര മനോരമ ന്യൂസിനോട് പറഞ്ഞു. വോട്ടർ അധികാർ യാത്രയിലൂടെ ബിഹാറിൽ അനുകൂല തരംഗം ഉണ്ടാക്കാനായെന്ന് രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഇന്ത്യാസഖ്യവും വിലയിരുത്തുമ്പോഴാണ് കെ.പി.സി.സിയുടെ വിവാദ എക്സ്പോസ്റ്റ്.
ബീഡിയും ബിഹാറും തുടങ്ങുന്നത് 'ബി'യിൽ ആണെന്നും അതുകൊണ്ട് ബീഡി ഇനി പാപമല്ല എന്നുമുള്ള പോസ്റ്റ് പ്രാദേശിക വികാരത്തെ വ്രണപ്പെടുത്തി എന്ന് ഇന്ത്യാ സഖ്യ നേതാക്കളും എ.ഐ.സി.സിയും ഒരുപോലെ കരുതുന്നു. വോട്ടർ അധികാർ യാത്രയിൽ ഉടനീളം പ്രാദേശിക വികാരം ഉയർത്തി സംസാരിച്ച തേജസ്വി യാദവ് ഇക്കാര്യത്തിൽ ക്ഷുഭിതനായാണ് പ്രതികരിച്ചത്. കെ.പി.സി.സി. നീക്കം തെറ്റെന്ന് തേജസ്വി പരസ്യമായി പറഞ്ഞു.
ഇടതു പാർട്ടികളും വികാസ് ശീൽ പാർട്ടിയും കെ.പി.സി.സി. ജാഗ്രത പാലിക്കണമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. സമൂഹമാധ്യമ പോസ്റ്റുകളുടെ കാര്യത്തിൽ എ.ഐ.സി.സി. പി.സി.സികൾക്ക് ഉടൻ കൃത്യമായ നിർദ്ദേശം നൽകിയേക്കും. അതേസമയം വാരണാസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും മെഷീൻ റീഡബിൾ വോട്ടർ പട്ടികയും തങ്ങളുടെ കൈവശമുള്ളതിൽ ബി.ജെ.പി. ഭയപ്പെട്ടിരിക്കുകയാണെന്ന് പവൻ ഖേര. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ തെളിവുകളും കോൺഗ്രസ് ഉടൻ പുറത്തുവിട്ടേക്കും.