ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രക്ക് പിന്നാലെ ഇന്ത്യ സഖ്യത്തെ കാത്തിരിക്കുന്നത് വലിയ കടമ്പ. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കണമെന്നാണ് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ ആവശ്യം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടെന്നും യാത്ര കടന്നുപോയ ജില്ലകളിലെ വിജയസാധ്യതയുള്ള സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.
വോട്ട് അധികാര്‍ യാത്രക്കിടെ താന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന് പറയാതെ പറയുകയാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. യാത്രയില്‍ പലപ്പോളായി ഇക്കാര്യം തേജസ്വി ആവര്‍ത്തിച്ചു. കണ്ടില്ലെന്ന് നടിച്ച് രാഹുല്‍ ഗാന്ധി നിന്നപ്പോള്‍ രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയാക്കും എന്നുവരെ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഒറ്റക്ക് നടത്താനിരുന്ന യാത്രയെ ഇന്ത്യ സഖ്യത്തിന്റെ യാത്രയാക്കി തേജസ്വി മാറ്റിയതും ഈ ഉദ്ദേശത്തോടെയാണ്. എന്നാല്‍ ഈ ചോദ്യം നേരിട്ട് വന്നപ്പോളും മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കുന്നത് വോട്ട് ഭിന്നിപ്പിക്കുമോ എന്നാണ് ആശങ്ക. യാത്ര കടന്നുപോയ പാതയിലെ ആര്‍ജെഡിക്ക് സ്വാധീനമുള്ള 50ല്‍ അധികം സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ70 ല്‍ 19 സീറ്റില്‍ മാത്രം ജയിച്ച കോണ്‍ഗ്രസിന് 50 സീറ്റ് നല്‍കേണ്ടന്നാണ് RJD, CPI ML, CPI, CPM, VIP പാര്‍ട്ടികളുടെ തീരുമാനം.