ബീഹാറിലെ കരട് വോട്ടർപട്ടികയില്‍ തിരുത്തലിനുള്ള സമയം അവസാനിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഒരു പരാതി പോലും തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ്. 89 ലക്ഷം പരാതികൾ നൽകി എന്നും വക്താവ് പവന്‍ ഖേര വ്യക്തമാക്കി. വോട്ട് കൊള്ളയ്ക്കെതിരായ ഇന്ത്യ സഖ്യത്തിന്‍റെ വോട്ടര്‍ അധികാര്‍ യാത്ര മഹാ റാലിയോടെ നാളെ പട്നയില്‍ സമാപിക്കും.
വോട്ടര്‍ പട്ടിക ശുദ്ധീകരണം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബീഹാറില്‍ നടത്തുന്ന പരിഷ്കരണം വോട്ട് കൊള്ളയെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. കരട് പട്ടികയില്‍ പരാതി അറിയിക്കാനുള്ള ഒരു മാസത്തെ സമയം അവസാനിക്കുമ്പോള്‍ പാര്‍ട്ടി നല്‍കിയ 89 ലക്ഷം പരാതികളില്‍ ഒന്ന് പോലും തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബൂത്ത് ഏജന്‍റ് പരാതിയുമായി വരുമ്പോള്‍ വ്യക്തികളോട് വരാന്‍ പറയും. വ്യക്തികള്‍ പലരും ഇക്കാര്യങ്ങളില്‍ അറിവുള്ളവരല്ലെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര.
കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരുടെ കാര്യത്തിൽ പുനഃപരിശോധന നടത്തണം എന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. നാളെ പട്നയില്‍ നടക്കുന്ന ഇന്ത്യ റാലിയിലും വിഷയം ശക്തമായി ഉയര്‍ത്തും. 25 ജില്ലകളിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോയ വോട്ടര്‍ അധികാര്‍ യാത്ര ബിജെപിയെ പിടിച്ചു കുലുക്കി എന്നാണ് വിലയിരുത്തല്‍. അതിനാല്‍ പ്രതിഷേധം രാജ്യവ്യാപകമാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ ആലോചന.