Madurai: Tamilaga Vettri Kazhagam (TVK) President Vijay addresses the party's second State-level conference, in Madurai, Thursday, Aug. 21, 2025. (PTI Photo) (PTI08_21_2025_000243A)
തമിഴകത്തിന്‍റെ ഇളയദളപതി വിജയ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റില്‍ നിന്നും ജനവിധി തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടിവികെയുടെ വാര്‍ഷിക സമ്മേളനത്തിലാണ് താരം തന്നെ ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. പിന്നാലെ സസ്പെന്‍സും വച്ചു. എന്നാല്‍ മധുര ഈസ്റ്റില്‍ നിന്നും വിജയ് മല്‍സരിച്ചേക്കുമെന്ന സൂചനയെ ആവേശത്തോടെയാണ് അണികളും ജനങ്ങളും സ്വീകരിക്കുന്നത്. ഇക്കാലമത്രയും രണ്ടിലയ്ക്കും ഉദയസൂര്യനുമാണ് വോട്ട് ചെയ്തത്, ഇത്തവണ വിജയ്ക്ക് തന്നെയെന്നായിരുന്നു സ്ത്രീകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Madurai: Tamilaga Vettri Kazhagam (TVK) President Vijay addresses the party's second State-level conference, in Madurai, Thursday, Aug. 21, 2025. (PTI Photo) (PTI08_21_2025_000241B)
മധുര ഈസ്റ്റ് ജയിച്ചാല്‍ ഭരണം പിടിച്ചുവെന്നൊരു ചൊല്ലുതന്നെ തമിഴ്നാട്ടിലുണ്ട്. 1990കള്‍ വരെ കമ്യൂണിസ്റ്റുകള്‍ക്കും അണ്ണാ ഡിഎംകെയ്ക്കുമൊപ്പമായിരുന്നു മണ്ഡലം. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം വന്ന കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും മണ്ഡലം ഡിഎംകെയ്ക്ക് ഒപ്പം നിന്നു. എന്നാല്‍ സഖ്യമുണ്ടാക്കാതെ മധുര ഈസ്റ്റ് ജയിക്കാന്‍ വിജയ്ക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് കരുതുന്നവരും ഏറെയാണ്.
നാലുലക്ഷത്തോളം ജനങ്ങളാണ് വിജയ്ക്കായി മധുരയില്‍ തടിച്ചു കൂടിയത്. എംജിആറിന്‍റെ പാരമ്പര്യം പേറുന്ന മണ്ണുകൂടിയാണ് മധുര. അതുകൊണ്ട് തന്നെ വിജയ്ക്ക് കേവലമൊരു മണ്ഡലം മാത്രമാവില്ല ഇതെന്ന് അണികളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. യുവാക്കളുടെയും കന്നിവോട്ടര്‍മാരുടെയും വോട്ടുകള്‍ വിജയ് നേടിയേക്കാമെന്നും മറ്റുള്ള വോട്ടുകള്‍ ഡിഎംകെയ്ക്കോ അണ്ണാ ഡിഎംകെയ്ക്കോ തന്നെ പോകുമെന്ന് വിലയിരുത്തുന്നവരും കുറവല്ല.