ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഇറക്കിയ തന്ത്രത്തിന് അതേ നാണയത്തില്‍ മറുപടിയുമായി ഇന്ത്യ സഖ്യം. ആന്ധ്രയില്‍ നിന്നുള്ള റിട്ട. ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ സ്ഥാനാര്‍ഥിയാക്കിയതോടെ തെലുങ്ക് പാര്‍ട്ടികളുടെ പിന്തുണയാണ് ഇന്ത്യ സഖ്യം തേടുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി നേതാവ് സിപി രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കി പ്രതിപക്ഷത്തുള്ള ഡിഎംകെയുടെ പിന്തുണ തേടിയ ബിജെപിയുടെ തന്ത്രം തിരികെ പയറ്റുകയാണ് ഇന്ത്യ സഖ്യം.
സുദര്‍ശന്‍ റെഡ്ഡിയെ സ്ഥാനാര്‍ഥിയാക്കിയതോടെ ബിജെപി സഖ്യകക്ഷിയായ എന്‍. ചന്ദ്രബാബു നായിഡുവിന്‍റെ തെലങ്കദേശം പാര്‍ട്ടി സമ്മര്‍ദ്ദത്തിലായി. പ്രതിപക്ഷ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് തെലുങ്ക്ദേശം പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു. സ്വന്തം നാട്ടില്‍ നിന്നുള്ള സ്ഥാനാര്‍ഥിക്കോ ബിജെപി സ്ഥാനാര്‍ഥിക്കോ വോട്ട് എന്നതാണ് തെലുങ്ക് പാര്‍ട്ടികളെ കുഴക്കുന്നത്.
ആന്ധ്രയിലെ രംഗറെഡ്ഡി ജില്ലയില്‍ നിന്നുള്ള സുദര്‍ശന്‍ റെഡ്ഡി 1995 ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്നു. 2005 ല്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായ അദ്ദേഹം 2007 ലാണ് സുപ്രീംകോടതി ജഡ്ജിയാകുന്നത്. 2011 ല്‍ വിരമിച്ച ശേഷം ഗോവയിലെ ആദ്യ ലോകായുക്തയായിരുന്നു.
മഹാരാഷ്ട്ര ഗവര്‍ണറായ സിപി രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കിയതോടെ ബിജെപി തമിഴ് വാദം ഉയര്‍ത്തി ഡിഎംകെയോട് പിന്തുണ തേടിയിരുന്നു. എന്നാല്‍ ബിജെപിയുടെ സ്ഥാനാര്‍ഥി രാഷ്ട്രീയ തീരുമാനമാണെന്ന് പറഞ്ഞ ഡിഎംകെ പിന്തുണ ആവശ്യം തള്ളി. നിലവില്‍ ഇതേ പ്രതിസന്ധിയിലാണ് തെലുങ്ക് ദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്ര സമതി എന്നിവര്‍. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ആന്ധ്രാ ജഡ്ജോ അതോ തമിഴ് രാഷ്ട്രീയക്കാരനോ എന്നതാണ് മുന്നിലുള്ള പാര്‍ട്ടികള്‍ക്ക് മുന്നിലെ ചോദ്യം.
നിലവിലെ അംഗ സംഖ്യയില്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. ഒഴിവുകള്‍ കുറച്ചാല്‍ നിലവിലെ ഇലക്ടറല്‍ കോളജ് 782 അംഗങ്ങളാണ്. ജയിക്കാനായി വേണ്ടത് 392 വോട്ടുകള്‍. ലോക്സഭ– 293, രാജ്യസഭ– 133 എന്നിങ്ങനെയാണ് എന്‍ഡിഎ അംഗ സംഖ്യ. അതിനാല്‍ നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാന്‍ എന്‍ഡിഎയ്ക്കാകും. എന്‍ഡിഎയിലെ ഏതെങ്കിലും കക്ഷികളെയോ വിമത വോട്ടുകളോ പ്രതിപക്ഷത്തിന് വോട്ട് ചെയ്താല്‍ മാത്രമെ മറിച്ചൊരു സാധ്യത കാണുന്നുള്ളൂ.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സിപി രാധാകൃഷ്ണനെ കണ്ട നായിഡുവിന്‍റെ മകനും സംസ്ഥാന മന്ത്രിയുമായ നാരാ ലോകേഷ് അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം എക്സില്‍ പങ്കുവച്ച കുറിപ്പില്‍, എന്‍ഡിഎ ഒറ്റകെട്ടാണെന്നും അവ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി