വോട്ട് കൊള്ളയിൽ തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരിനുമെതിരെ നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യവും. ബീഹാറിലെ 24 ജില്ലകളിലൂടെയുള്ള വോട്ടർ അധികാർ യാത്ര രണ്ടാം ദിവസത്തിലേക്ക്. കുതുംബയിൽ നിന്നാരംഭിച്ച് ഗയയിൽ അവസാനിക്കുന്ന രീതിയിലാണ് ഇന്നത്തെ യാത്ര. ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ - ബിജെപി ബന്ധം ആവർത്തിച്ചാണ് യാത്ര മുന്നോട്ട് പോകുന്നത്. വോട്ട് കൊള്ള ഇന്ത്യ സഖ്യം അനുവദിക്കില്ലെന്നും ജനാധിപത്യ സംരക്ഷണത്തിനിറങ്ങിയ തങ്ങൾക്ക് ആരെയും ഭയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും കൃത്യമായ മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയുന്നില്ലെന്നത് വോട്ട് കൊള്ള വ്യക്തമാക്കുന്നു എന്ന് ഇന്ത്യ സഖ്യം ആരോപിച്ചു.
രാഹുല്‍ ഗാന്ധി വോട്ടുകൊള്ള ആരോപിച്ച് 10 ദിവസം പിന്നിടുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയ വിശദീകരണം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. വോട്ട് കൊള്ള സ്ഥാപിക്കാന്‍ കര്‍ണാടകയിലെ മഹാദേവ്പുര മണ്ഡലത്തിലെ പോളിങ് വിവരങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി നിരത്തിയ തെളിവുകള്‍ പലതാണ്. നാല്‍പതിനായിരത്തിലേറെ വ്യാജ വിലാസങ്ങള്‍ ഉണ്ട്. ഒരു വീട്ടില്‍ 80 വോട്ടര്‍മാര്‍, 46 പേര്‍ക്ക് ഒറ്റവിലാസം, അച്ഛന്‍റെ പേരിനു സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരങ്ങള്‍. മുപ്പതിനായിരത്തിലേറെ പേര്‍ ഫോം 6 ദുരുപയോഗം ചെയ്തു. ഇതിനെല്ലാം ഉത്തരങ്ങള്‍ ഒന്ന്. സത്യപ്രസ്താവന നല്‍കു.
ഒട്ടേറെ പേരുടെ വീട്ടുനമ്പര്‍ പൂജ്യമാണെന്ന ആരോപണത്തിന് മാത്രമാണ് എടുത്തുപറഞ്ഞ് മറുപടി നല്‍കിയത്. ബിഹാറില്‍ മരിച്ചെന്ന് കണ്ടെത്തി 22 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കംചെയ്തതിനെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്ന് മറുപടി. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ ക്രമക്കേടിനെ കുറിച്ചും മുന്‍നിലപാട് ആവര്‍ത്തിക്കുകയാണ് കമ്മിഷന്‍ ചെയ്തത്.