parleament

പ്രതിപക്ഷ എം.പിമാര്‍ പോലീസ് കസ്റ്റഡിയില്‍ തുടരുമ്പോള്‍ ലോക്സഭയില്‍ സുപ്രധാനമായ ആദായനികുതി ബില്ലും ദേശീയ കായിക ബില്ലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍. കാര്യമായ ചര്‍ച്ചകള്‍ നടന്നില്ല. സഭയില്‍ തിരിച്ചെത്തിയ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടര്‍ന്നു.

രാവിലെ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തവച്ച ലോക്സഭ രണ്ടുമണിക്ക് ചേര്‍ന്നപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസ് മാര്‍ച്ചിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നു എല്ലാവരും. അല്‍പസമയത്തിന് ശേഷം മോചിപ്പിച്ചെങ്കിലും അംഗങ്ങള്‍ എത്തുന്നതിന് മുന്‍പ് പരിഷ്കരിച്ച ആദായനികുതി ബില്‍ ധനമന്ത്രി നിര്‍മല സീതാരാമനും ദേശീയ കായിക ബില്‍ കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യയും അവതരിപ്പിച്ചു.

ആദായനികുതി ബില്‍ ചര്‍ച്ചയില്ലാതെയും കായിക ബില്‍ ഹ്രസ്വ ചര്‍ച്ചയ്ക്കുശേഷവും പാസാക്കി. കായിക മന്ത്രി മറുപടി പറയുമ്പോഴേക്കും സഭയിലെത്തിയ പ്രതിപക്ഷം വോട്ട് ചോരി മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലേക്കിറങ്ങി. രാജ്യസഭയില്‍ മണിപ്പുര്‍ ജി.എസ്.ടി ഭേദഗതി ബില്ലും മണിപ്പൂര്‍ അപ്രോപ്രിയേഷന്‍ ബില്ലും പാസാക്കി. പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നെന്നും പ്രതിപക്ഷം ഇല്ലാതെ ബില്ല് പാസാക്കുന്നത് അംഗീകരിക്കാനാകില്ല എന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞെഭങ്കിലും ഉപാധ്യക്ഷന്‍ അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം ശക്തമായി ബഹളംവച്ചു.

ENGLISH SUMMARY:

Indian Parliament witnessed the passage of key bills amid opposition protests. The Income Tax Bill and National Sports Bill were passed in Lok Sabha while opposition MPs were detained.