നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാര്‍ എന്‍.ഡി.എയില്‍ കടുത്ത ഭിന്നത. സംസ്ഥാനത്തെ അക്രമങ്ങളുടെ പേരില്‍ സഖ്യകക്ഷിയായ എല്‍.ജെ.പിയുടെ നേതാവ് ചിരാഗ് പസ്വാനും ജെ.ഡി.യു നേതാക്കളും തമ്മില്‍ വാക്പോര് രൂക്ഷമായി. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതില്‍ ഖേദമുണ്ടെന്ന് ചിരാഗ് പറഞ്ഞു. സ്വന്തം പാര്‍ട്ടിയില്‍ ക്രിമിനലുകള്‍ കയറിക്കൂടുന്നത് ശ്രദ്ധിക്കണമെന്ന് ജെ.ഡി.യു തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം ഗയയില്‍ ഹോം ഗാര്‍ഡ് പരീക്ഷയ്ക്കെത്തിയ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവമാണ് കേന്ദ്രമന്ത്രി കൂടിയായ ചിരാഗ് പസ്വാനെ പ്രകോപിപ്പിച്ചത്. തളര്‍ന്നുവീണ യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ വച്ചാണ് രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. സംസ്ഥാനത്ത് പീഡനങ്ങളും കൊലപാതകങ്ങളും വ്യാപിക്കുകയാണ്. ഭരണകൂടം ഒന്നും ചെയ്യുന്നില്ല. ഒന്നുകില്‍ സര്‍ക്കാരിന് അതിക്രമങ്ങളില്‍ പങ്കുണ്ട്. അല്ലെങ്കില്‍ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ണ പരാജയമാണ് എന്നും ചിരാഗ് പറഞ്ഞു
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ആദ്യം അവനവനിലേക്ക് നോക്കണമെന്നായിരുന്നു ജെ.ഡി.യുവിന്‍റെ മറുപടി. ക്രമസമാധാനത്തെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ സ്വന്തം പാര്‍ട്ടിയില്‍ ക്രിമിനലുകളെ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പാര്‍ട്ടി വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് തിരിച്ചടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിരാഗ് പസ്വാന്‍റെ നിലപാട് എന്‍.ഡി.എക്ക് തിരിച്ചടിയാണ്. പ്രതിപക്ഷത്തിനാവട്ടെ ആയുധവുമാകും. നേരത്തെയും ചിരാഗ് പസ്വാന്‍ എന്‍.ഡി.എ. സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു