kamalhassan-oath

TOPICS COVERED

കമല്‍ ഹാസന്‍റെ രാജ്യസഭയിലേക്കുള്ള മാസ് എന്‍ട്രിക്കായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. വെള്ളിത്തിരയിലെ മാസ്മരികത മാത്രമല്ല, കൃത്യമായ നിലപാടുകള്‍ കൊണ്ട് കൂടിയാണ് അദ്ദേഹം ഹൃദയങ്ങളില്‍  കയറിക്കൂടിയത്.  അഭ്രപാളിയെ ആറാം വയസ് മുതല്‍ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന കമല്‍ ഹാസന്‍ രാജ്യസഭയില്‍ എന്തൊക്കെ വിസ്മയങ്ങളാകും കാത്തുവച്ചിട്ടുണ്ടാകുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 

ആറാംവയസുമുതല്‍ സെല്ലുലോയ്ഡിനെ അമ്പരപ്പിച്ച കമല്‍ഹാസന്‍. സിനിമയുടെ സകല മേഖലകളിലും കഴിവ് തെളിയിച്ച അപൂര്‍വ വ്യക്തിത്വം. വ്യത്യസ്തതയും പരീക്ഷണങ്ങളും മുഖമുദ്ര. ശബ്ദം കൊണ്ടും നോട്ടം കൊണ്ടും വേഷപ്പകര്‍ച്ച കൊണ്ടുമെല്ലാം അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം കാണിച്ച് തന്നു. നായകന്‍, പുഷ്പകവിമാനം, ഇന്ത്യന്‍, അവ്വൈ ഷണ്‍മുഖി, ദശാവതാരം തുടങ്ങി ഉദാഹരണങ്ങളുടെ നീണ്ടനിര

ഹോളിവുഡിനോട് കിടപിടിക്കുന്ന വിശ്വരൂപത്തിലെ ആക്ഷന്‍ രംഗങ്ങളുള്‍പ്പടെ അതിര്‍ത്തിക്കപ്പുറം കടന്ന് പണം വാരിക്കൂട്ടി. അഭ്രപാളിയില്‍ ഹിറ്റുകള്‍ തീര്‍ത്ത കമല്‍ഹാസന്‍ രാജ്യസഭയിലും സൂപ്പര്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് തമിഴകവും ലോകമെമ്പാടുമുള്ള ആരാധകരും. തന്‍റെ നിലപാടുകള്‍  സധൈര്യം തുറന്ന് പറയാനും അതില്‍ ഉറച്ച് നില്‍ക്കാനും അതിനായി ഏതറ്റം വരെയും പോരാടാനുമുള്ള ചങ്കൂറ്റവുമാണ് കമലിന്‍റെ കരുത്ത്. ഈയടുത്ത് ഉണ്ടായ കന്നട ഭാഷാ വിവാദത്തിലും കണ്ടു അങ്ങനെയൊരു കമല്‍ഹാസനെ.

മക്കള്‍ നീതി മയ്യവുമായി രാഷ്ട്രീയത്തിലിറങ്ങിയ കമലിന് തിരഞ്ഞെടുപ്പില്‍ വലിയ തരംഗമൊന്നും തീര്‍ക്കാനായില്ല. സിനിമയും രാഷ്ട്രീയവും രണ്ടെന്ന് പറഞ്ഞു തമിഴകം. പിന്നീട് ഡിഎംകെയുമായി കൈ കോര്‍ക്കുയായിരുന്നു. ഡിഎംകെ  എംഎന്‍എമ്മിന് ഒരു സീറ്റ് അനുവദിച്ചതോടെയാണ് കമലിന് രാജ്യസഭയിലേക്ക് വഴി തുറന്നത്. കേന്ദ്രത്തേയും ബിജെപിയേയും വിമര്‍ശിക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാറില്ല കമല്‍.  ഇനി രാജ്യസഭയില്‍ തീപൊരി പടര്‍ത്തുന്ന കമലിന്‍റെ വാക്കുകള്‍ക്കായി കാതോര്‍ക്കുകയാണ് തമിഴകം.

ENGLISH SUMMARY:

Fans across the globe are eagerly awaiting Kamal Haasan's grand entry into the Rajya Sabha. More than just a silver screen icon, Kamal is admired for his strong and clear political stands. From astounding audiences since the age of six, his potential contributions in Parliament are now the subject of much anticipation.