.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്‍റെ അപ്രതീക്ഷിത രാജിയില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. സര്‍ക്കാരുമായുള്ള അകല്‍ച്ചയാണ് രാജിയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്മെന്‍റ് പ്രമേയം സംബന്ധിച്ച് ഭിന്നതയുണ്ടായെന്ന് റിപ്പോര്‍ട്ടുണ്ട്. ധന്‍കറിന് ആയുരാരോഗ്യം നേരുന്നു എന്നുമാത്രമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാജി അംഗീകരിച്ചതായി രാജ്യസഭ നിയന്ത്രിച്ച ഘനശ്യാം തിവാരി അറിയിച്ചു
ഇന്നലെ വൈകിട്ടുവരെ സഭ നിയന്ത്രിച്ച ജഗ്ദീപ് ധന്‍കറിന് മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവയ്ക്കാന്‍ മാത്രം എന്ത് ആരോഗ്യപ്രശ്നമാണ് ഉണ്ടായതെന്ന ചോദ്യമാണ് പ്രതിപക്ഷത്തിന്‍റെത്. സമ്മര്‍ദത്തെ തുടര്‍ന്നാണ് രാജിയെന്ന് ഗൗരവ് ഗൊഗോയും ജയ്റാം രമേശും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ പ്രതികരണവും അകല്‍ച്ച സൂചിപ്പിക്കുന്നതാണ്. വിവിധ പദവികളിലിരുന്ന് രാജ്യത്തെ സേവിക്കാന്‍ ജഗ്ദീപ് ധന്‍കറിന് സാധിച്ചെന്നും ആയുരാരോഗ്യം നേരുന്നു എന്നുമാണ് മോദി എക്സില്‍ കുറിച്ചത്. രാജ്യസഭയില്‍ നിരന്തരം ഭരണപക്ഷ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന് പ്രതിപക്ഷം തന്നെ ആരോപിച്ച ധന്‍കര്‍ എങ്ങനെ സര്‍ക്കാരിന് അനഭിമതനായി എന്ന മറുചോദ്യവും പ്രസക്തം. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയെ കുറ്റവിചാരണ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരും ധന്‍കറും രണ്ടുതട്ടിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
കുറ്റവിചാരണ പ്രമേയം ലോക്സഭയില്‍ കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാര്‍ കൊണ്ടുവന്ന കുറ്റവിചാരണ പ്രമേയം പരിഗണിക്കാമെന്ന നിലപാടിലായിരുന്നു ധന്‍കര്‍. ഇന്നലെ വൈകിട്ട് ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തില്‍ പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജുവും സഭാ നേതാവുകൂടിയായ മന്ത്രി ജെ.പി.നഡ്ഡയും വിട്ടുനില്‍ക്കുകയും ചെയ്തു. ഇത് ധന്‍കറെ ചൊടിപ്പിച്ചു എന്നാണ് അറിയുന്നത്. വിടവാങ്ങല്‍ പ്രസംഗം പോലുമില്ലാതെയാണ് ധന്‍കര്‍ പടിയിറങ്ങുന്നത്.