2026 നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറാവുകയാണ് പശ്ചിമബംഗാള്‍. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി വിജയിച്ച് മുന്നേറുമ്പോഴും മമതയുടെ ഉരുക്കുമുഷ്ടി വിടര്‍ത്തി സംസ്ഥാനത്തിന്‍റെ അധികാരം കയ്യാളല്‍ ബിജെപിക്ക് ബാലികേറാമലയാണ്. എന്നാല്‍ ബംഗാളില്‍ പരമ്പരാഗത ഹിന്ദുത്വ ആശയങ്ങള്‍ക്ക് പകരം പുതിയ ആശയങ്ങള്‍ പരിഗണിക്കാനൊരുങ്ങുകയാണ് ബിജെപി. ഈ വര്‍ഷം സംസ്ഥാനത്തിന്‍റെ ബിജെപി അധ്യക്ഷ പദവിയിലേക്കെത്തിയ സമിക് ഭട്ടാചാര്യയാണ് പുതിയ ആശയത്തിന് പിന്നില്‍.
മുന്‍പ് ആര്‍എസ്എസിന്‍റെ വലംകൈയായിരുന്ന ഭട്ടാചാര്യ ഇന്ന് രാജ്യസഭാ എംപിയാണ്. സ്ഥാനമേറ്റ തന്‍റെ ആദ്യ പ്രസംഗത്തില്‍ തന്നെ പാര്‍ട്ടിയെ പരമ്പരാഗത രീതിയില്‍ നിന്ന് മാറ്റി കൊണ്ടുപാകാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു. 'ബംഗാളിനെ മതത്തിന്‍റെ പേരില്‍ വിഭജിക്കാന്‍ ശ്രമം നടക്കുകയാണ് ചിലര്‍, ന്യൂനപക്ഷങ്ങള്‍ അവര്‍ക്കെതിരെയല്ല ബിജെപി എന്ന് മനസിലാക്കണം'- എന്നായിരുന്നു ഭട്ടാചാര്യയുടെ പ്രസ്താവന. 'മുസ്‌ലിം ബാലന്‍മാരുടെ കയ്യില്‍ എറിയാന്‍ കല്ലുകള്‍ വച്ചുകൊടുക്കുന്ന ശക്തികളുണ്ട്, അവര്‍ക്കെതിരെ പോരാടാന്‍ മുസ്‌ലിം ബാലന്‍മാരുടെ കയ്യില്‍ പേനകള്‍ വച്ചുകൊടുക്കും'– എന്നും ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തിരുന്നു.
മുമ്പ് സുവേന്ദു അധികാരി പാര്‍ട്ടിയുടെ സംസ്ഥാന തലപ്പത്തുണ്ടായിരുന്നപ്പോള്‍ ഏറ്റവുമധികം ഹിന്ദു വോട്ടുകള്‍ പിടിച്ചെടുക്കുക എന്നായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍ സംസ്ഥാനത്തെ വലിയൊരു ശതമാനം ഹിന്ദു വോട്ടുകളും ഇപ്പോഴും തൃണമൂല്‍ കോണ്‍ഗ്രസിന് തന്നെയാണ്. ഈ വോട്ടുകള്‍ പിടിച്ചെടുക്കുക എന്ന സുവേന്ദു അധികാരിയുടെ ലക്ഷ്യം അത്ര പ്രായോഗികമല്ലെന്ന് ബിജെപിക്ക് വ്യക്തമാണ്. ഇതിന് പിന്നാലെയാണ് മുസ്‌ലിം വോട്ടുകളും കമ്മ്യൂണിസ്റ്റ് വോട്ടുകളും തേടാന്‍ പാര്‍ട്ടി തന്ത്രമിറക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുമായി നടത്തിയ അഭിമുഖത്തില്‍ മുസ്‌ലിംകള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെങ്കിലും വേണ്ട, വികസനം അവരുടെ വീട്ടിലെത്തിക്കുമെന്നും ഭട്ടാചാര്യ പറഞ്ഞിരുന്നു.
ബംഗാളിന്‍റെ മുന്‍ ഇടത് പ്രതാപകാലത്തെ നേതാക്കളെ എടുത്തുപറഞ്ഞാണ് ഭട്ടാചാര്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലുള്ളവരുടെ പിന്തുണ പ്രതീക്ഷിക്കുന്നത്. ഭാരതീയ ജനസംഘം പാര്‍ട്ടി നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെയാണ് ഭട്ടചാര്യ ആദ്യം പരാമര്‍ശിച്ചത്. ബംഗാള്‍ വിഭജനകാലത്ത് ബംഗാളിന്‍റെ തന്‍മയത്വം നിലനിര്‍ത്താന്‍ മുഖര്‍ജി ശക്തമായി പോരാടിയെന്നും ഇടത് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജ്യോതി ബാസു ഇതിന് പിന്തുണച്ചുവെന്നും ഭട്ടാചാര്യ പറഞ്ഞു. പല വിഭാഗങ്ങളെയും തങ്ങളെ പിന്തുണയ്ക്കുന്ന നിലയിലേക്ക് കൊണ്ടുവരാന്‍ വ്യക്തമായ തന്ത്രങ്ങളാണ് ബിജെപി പുതുതായി പുറത്തിറക്കുന്നത്.