Prime Minister Narendra Modi
പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതോടെ ബിജെപി ദേശീയ അധ്യക്ഷനാരാകും എന്നതില്‍ ചര്‍ച്ച സജീവം. വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രമന്ത്രിമാരടക്കം നിരവധി പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
21 ന് പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങും മുന്‍പ് പുതിയ ദേശീയ അധ്യക്ഷനെ ബിജെപി പ്രഖ്യാപിക്കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ 36 സംസ്ഥാന ഘടകങ്ങളില്‍ 29 ലും അധ്യക്ഷ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ആരാകും ദേശീയ അധ്യക്ഷന്‍ എന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. ശിവരാജ് സിങ് ചൗഹാന്‍, ധര്‍മേന്ദ്രപ്രധാന്‍, മനോഹര്‍ ലാല്‍ ഘട്ടര്‍, പ്രള്‍ഹാദ് ജോഷി തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരുടെ പേരുകള്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നു.
സഞ്ജയ് ജോഷിയുടെ പേരാണ് ആര്‍എസ്എസ് നിര്‍ദേശിച്ചതെന്ന് സൂചനയുണ്ട്. വിനോദ് താവ്‌ഡെയടക്കം സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പേരും സജീവമായി കേള്‍ക്കുന്നു. വനിതയെ അധ്യക്ഷയാക്കാനാണ് തീരുമാനമെങ്കില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍, ഡി.പുരന്ദേശ്വരി, വനതി ശ്രീനിവാസന്‍ എന്നീ പേരുകള്‍ക്കാണ് മുന്‍ഗണന. മൂന്നുപേരും ദക്ഷിണേന്ത്യയില്‍നിന്നുള്ളവരാണ്.
മോദിക്കും അമിത് ഷായ്ക്കും ആര്‍എസ്എസിനും ഒരുപോലെ സ്വീകാര്യനായ ആളെ കണ്ടെത്തുക എന്നതാണ് വെല്ലുവിളി. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍ ഉള്ളതായി സൂചനയുണ്ട്. ഈ സംസ്ഥാനങ്ങളില്‍ അധ്യക്ഷന്‍മാരെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. അതുകൂടി പൂര്‍ത്തിയായ ശേഷം ദേശീയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് തീരുമാനമെങ്കില്‍ തിരഞ്ഞെടുപ്പ് നീളുമെന്നുറപ്പാണ്.