ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വിമാനങ്ങള്‍ നഷ്ടമായെന്ന് ഇന്തോനേഷ്യയിലെ  ഇന്ത്യന്‍ എംബസിയിലെ പ്രതിരോധ അറ്റാഷെ. രാഷ്ട്രീയ നേതൃത്വം സൃഷ്ടിച്ച പരിമിതികളാണ് അതിനു കാരണമായതെന്നും പ്രതിരോധ അറ്റാഷെ ക്യാപ്റ്റന്‍ ശിവ് കുമാർ പറഞ്ഞു. പ്രസ്താവന രാജ്യത്ത് വിവാദമായതോടെ പ്രസ്താവനയില്‍ വിശദീകരണവുമായി ഇന്തോനേഷ്യയിലെ ഇന്ത്യന്‍ എംബസി രംഗത്തെത്തി.

പ്രസ്താവന തെറ്റായി ചിത്രീകരിക്കുകയാണെന്നും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി ഉപയോഗിക്കുകയാണെന്നും എംബസി വിശദീകരിച്ചു. ‘ഓപ്പറേഷൻ സിന്ദൂർ ’ സംബന്ധിച്ച് മോദി സർക്കാർ  രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം തള്ളിയതിന്റെ കാരണം ഇപ്പോൾ വ്യക്തമായെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു ഇതിനുപിന്നാലെയാണ് എംബസിയുടെ വിശദീകരണം. 

ജൂണ്‍ പത്തിന് ജക്കാര്‍ത്തയില്‍ നടന്ന സെമിനാറിലാണ് ശിവ് കുമാര്‍ പരാമര്‍ശം നടത്തിയത്. പാക്കിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങളോ വ്യോമ പ്രതിരോധമോ ആക്രമിക്കരുതെന്ന് രാഷ്ട്രീയ നേതൃത്വം  നിര്ദേശിച്ചിരുന്നു. ഭീകരത്താവളങ്ങള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ആക്രമിച്ചത്. യുദ്ധവിമാനങ്ങൾ നഷ്ടപ്പെടാന്‍ ഇടയാക്കിയ ഒരു സാഹചര്യം ഇതാണെന്നായിരുന്നു ക്യാപ്റ്റന്‍ ശിവ് കുമാര് സൂചിപ്പിച്ചത്. പ്രസ്താവന. നഷ്ടത്തിന് ശേഷം വ്യോമസേന തന്ത്രങ്ങൾ മാറ്റുകയും പാക്കിസ്ഥാന്‍റെ സൈനിക ലക്ഷ്യങ്ങളും വ്യോമ പ്രതിരോധത്തെ സംവിധാനത്തെയും ആക്രമിച്ചതായും അറ്റാഷെ പറഞ്ഞു. 

നേരത്തേ സംയുക്തസേനാമേധാവി ജനറല്‍ അനില്‍ ചൗഹാനും ഇതേ വിവരം അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാക്കിസ്ഥാന്‍റെ വാദം അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

ENGLISH SUMMARY:

India's Defence Attaché in Indonesia, Shiv Kumar, claimed the IAF lost military aircraft in 'Operation Sindoor' due to political limitations, sparking controversy. The Indian Embassy in Indonesia has since issued a clarification following the statement.