ബെംഗളുരു നഗരത്തോടു ചേര്‍ന്നു നില്‍ക്കുന്ന രാമനഗരയുടെ പേരുമാറ്റവുമായി കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സ്വപ്ന പദ്ധതിയായ പേരുമാറ്റത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി
കുമാരസ്വമിയുടെ എതിര്‍പ്പില്‍ കുരുങ്ങി, ഒടുവില്‍ തീരുമാനം
വൊക്കലിഗ സമുദായത്തിന് കാര്യമായ സ്വാധീനമുള്ള പ്രദേശമാണു പഴയ മൈസുരു മേഖലയിലെ രാമനഗര. പരമ്പരാഗതമായി ജെ.ഡി.എസിന്റെ കോട്ടകളിലൊന്ന്.ഡി.കെ. ശിവകുമാര്‍ േമഖലയിലെ കരുത്തനായതിനുശേഷം ജെ.ഡി.എസ്. കോട്ടയിലേക്ക് കടന്നുകയറാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ഭാഗമായാണു പേരുമാറ്റമെന്നായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തലുകള്‍. കേന്ദ്രമന്ത്രിയും ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി.കുമാരസ്വാമിയും മുന്‍പ്രധാനമന്ത്രി ദേവഗൗഡയും പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം പേരുമാറ്റത്തിന് തീരുമാനമെടുത്തത്
രാമനഗരയും ബെംഗളുരു സൗത്തും, രണ്ടുമുണ്ട്.
മന്ത്രിസഭാ തീരുമാനപ്രകാരം രാമനഗര ജില്ലയുടെ പേര് ബെംഗളരു സൗത്ത് എന്നാകും. ഇതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ഭരണപരമായ സൗകര്യത്തിനുവേണ്ടിയാണു പേരുമാറ്റമെന്നാണു ഇന്നലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വിശദീകരിച്ചത്. ജില്ലാ ആസ്ഥാനമായി രാമനഗര തുടരുമെന്നാണ് അറിയിപ്പ്. പേരുമാറ്റത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും ഡി.കെ. ശിവകുമാര്‍ അവകാശപ്പെട്ടു