ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ വിദേശരാജ്യത്തേയ്ക്കുള്ള സര്‍വകക്ഷി സംഘത്തിലേയ്ക്ക് തന്നെ കേന്ദ്ര സര്‍ക്കാരാണ് ക്ഷണിച്ചതെന്നും അത് പാര്‍ട്ടിയെ അറിയിച്ചെന്നും ശശി തരൂര്‍. എന്‍റെ കഴിവിനെപ്പറ്റിയോ കഴിവില്ലായ്മയെ പറ്റിയോ പാര്‍ട്ടി നേതൃത്വത്തിന് അഭിപ്രായമുണ്ടാകാം. സര്‍ക്കാര്‍ വിളിച്ചത് അഭിമാനത്തോടെ കാണുന്നു. താന്‍ രാജ്യത്തിനായി നില്‍ക്കുമെന്നും തരൂര്‍ പറഞ്ഞു.
സംഘത്തിലേക്ക് കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചിട്ടില്ലെന്ന് നേരത്തെ പാർട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. വിദേശരാജ്യ സന്ദര്‍ശനത്തിനുള്ള സര്‍വകക്ഷിസംഘത്തെ തിരഞ്ഞെടുത്തതില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നെന്നും ഇത് പരസ്പര വിശ്വാസത്തില്‍ പോകേണ്ട സമയമാണെന്നും സര്‍ക്കാര്‍ നീക്കം ആശ്ചര്യപ്പെടുത്തുന്നുവെന്നുമായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം.
അതേസമയം, ഓപ്പറേഷന്‍ സിന്ദൂര്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി പ്രതികരിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ സര്‍വകക്ഷി സംഘത്തില്‍ സിപിഎം പ്രതിനിധിയുണ്ടാകും. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനവും എല്ലാ മുഖ്യമന്ത്രിമാരുടെ യോഗവും പ്രധാനമന്ത്രി വിളിക്കണമെന്നും എം.എ.ബേബി ആവശ്യപ്പെട്ടു.
യു.എസ്, യു.കെ., യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ, യു.എ.ഇ., ആഫ്രിക്ക തുടങ്ങിയ മേഖലകളിലേക്കാണ് ഇന്ത്യ സര്‍വകക്ഷി സംഘത്തെ അയക്കുന്നത്. എം.പിമാരായ ശശി തരൂര്‍, രവിശങ്കര്‍ പ്രസാദ്, സഞ്ജയ് കുമാര്‍ ഝാ, ബൈജയന്ത് പാണ്ഡ, കനിമൊഴി, സുപ്രിയ സുലെ, ശ്രീകാന്ത് ഷിന്‍ഡെ എന്നിവര്‍ നയിക്കുന്ന സംഘങ്ങളില്‍ അഞ്ച് അംഗങ്ങള്‍ വീതം ഉണ്ടാവും. എം.പിമാരുടെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും അസദുദീന്‍ ഒവൈസി, സല്‍മാന്‍ ഖുര്‍ഷിദ്, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവര്‍ അംഗങ്ങളാണെന്ന് സൂചനയുണ്ട്. ഭീകരവാദത്തിനെതിരായ രാജ്യത്തിന്‍റെ നിലപാട് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുകയാണ് സര്‍വകക്ഷി സംഘത്തെ അയക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘങ്ങളെ നയിക്കുന്നവരുടെ പേരുകള്‍ പങ്കുവച്ചുകൊണ്ട് പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
സംഘം അടുത്തയാഴ്ച സന്ദര്‍ശനം തുടങ്ങും. ഓരോ സംഘത്തിന്‍റെയും സന്ദര്‍ശനം 10 ദിവസംവരെ നീളും. പുറപ്പെടും മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ സംഘാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ കോണ്‍ഗ്രസ് നിര്‍ദേശിച്ച ഗൗരവ് ഗൊഗോയെ സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടിട്ടുണ്ട്. ഗൊഗോയുടെ ഭാര്യ പാക്കിസ്ഥാനിലെ എന്‍.ജി.ഒയില്‍നിന്ന് ശമ്പളം വാങ്ങിയിരുന്നുവെന്നും ഈ സാഹചര്യത്തില്‍ ഗൊഗോയിയെ ഒഴിവാക്കണം എന്നുമാണ് ആവശ്യം.