ജാതി സെൻസസിന്‍റെ ക്രഡിറ്റിനെ ചൊല്ലി കേന്ദ്ര സർക്കാർ - പ്രതിപക്ഷ പിടിവലി. സാമൂഹ്യനീതിക്കായുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന്‍റെ ഫലമാണെന്നും ജനം ക്രഡിറ്റ് നൽകുമെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തുടർ നീക്കം ആലോചിക്കാൻ നാളെ പ്രവർത്തകസമിതി ചേരും. കോൺഗ്രസിന്‍റെ രാഷ്ട്രീയം കലർത്തിയുള്ള അശാസ്ത്രീയ സർവേയ്ക്കെതിരായ ശക്തമായ നടപടി എന്നാണ് ബിജെപി മറുപടി.
ബീഹാർ തിരഞ്ഞെടുപ്പും സഖ്യകക്ഷിയായ ജെഡിയുവിന്‍റെയും ടിഡിപിയുടെയും ആവശ്യവുമാണ് ഇതുവരെ തൊടാതിരുന്ന ജാതി സെൻസസ് പ്രഖ്യാപിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയത്. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധി പോയിടത്തെല്ലാം ജാതി സെൻസസ് എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതുരണ്ടും ജനങ്ങൾക്ക് മുൻപിൽ തുറന്നുകാട്ടുകയാണ് കോൺഗ്രസ്.
ജാതി സെൻസസ് നടപ്പാക്കുന്നതിൽ വ്യക്തത തേടി കേന്ദ്രസർക്കാരിനുമേൽ സമ്മർദ്ദം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. നിലവിൽ രാജ്യവ്യാപകമായി തുടരുന്ന ഭരണഘടന സംരക്ഷണ റാലികളിൽ വിഷയം ഉയർത്തും. ജാതി സെൻസസ് തീരുമാനം വനിതാ ബില്ലുപോലെ നീണ്ടു പോകാൻ പാടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കോൺഗ്രസ് സർക്കാരുകൾ രാഷ്ട്രീയ നേട്ടത്തിനായി നടത്തിയിട്ടുള്ള അശാസ്ത്രീയ സർവേകൾ ജനങ്ങളിൽ ഉണ്ടാക്കിയ ആശങ്ക പരിഹരിക്കാനാണ് തീരുമാനം എന്നാണ് ബിജെപിയുടെയും കേന്ദ്രമന്ത്രിമാരുടെയും മറുപടി. സാമൂഹ്യ നീതിക്കുള്ള ചരിത്ര തീരുമാനമാണെന്നും സർക്കാർ പറയുന്നു . മികച്ച തീരുമാനമാണെന്നും ക്രഡിറ്റ് ആരുടെ അടുത്താലും കുഴപ്പമില്ലെന്നും വെള്ളാപ്പള്ളി നടേശൻ.
ജാതി സെൻസസിനെ ശക്തമായ എതിർത്തിരുന്ന ആർഎസ്എസ് ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജാതി സെൻസസിനെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുത് എന്നും പൊതുക്ഷേമത്തിനായി ജാതി വിവരങ്ങൾ ശേഖരിക്കുന്നതിൽ എതിർപ്പില്ലെന്നുമാണ് ആർഎസ്‌എസ് വൃത്തങ്ങൾ നൽകുന്ന മറുപടി.