പാര്‍ട്ടി പറഞ്ഞാല്‍ അഴീക്കോട് പോയി മത്സരിച്ച് ജയിക്കുമെന്ന് കെ.എം.ഷാജി മനോരമ ന്യൂസിനോട്. കഴിഞ്ഞ തവണ തോറ്റത് കൊണ്ട് പ്രശ്നമില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ പേര് പറഞ്ഞ് സി.പി.എം മുസ്‌ലീങ്ങളെ തകര്‍ക്കാന്‍ വന്നാല്‍ രാഷ്ടീയമായി തടയും. ഭരണം പോകുമെന്ന് ഉറപ്പിച്ച് എ.കെ.ബാലന്‍ പറയുന്നത് ദിവാസ്വപ്നങ്ങളാണ്. സെക്കുലര്‍ സര്‍ക്കാരും സെക്കുലര്‍ ആഭ്യന്തര മന്ത്രിയും കേരളത്തില്‍ വരുമെന്നും ഷാജി മനോരമ ന്യൂസിനോട് പറഞ്ഞു.
‘കഴിഞ്ഞ തവണ അഴീക്കോട് തോല്‍ക്കുന്നത് ചെറിയ മാര്‍ജിനിലാണ്. ഞാന്‍ രണ്ട് തവണ ജയിച്ച മണ്ഡലമാണ്. തോല്‍ക്കുന്നു എന്നതുകൊണ്ട് ഒരാള്‍ തെറ്റാകുന്നില്ല. അതൊരു ജനാധിപത്യ മത്സരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് അഴീക്കോടാണ് പാർട്ടി പറയുന്നതെങ്കില്‍ മല്‍സരിക്കും, ജയിക്കും’- ഷാജി പറയുന്നു.
‘കേരളത്തിലെ മൈക്രോ മൈന്യൂട്ട് കമ്മ്യൂണിറ്റിയാണ് ജമാഅത്തെ ഇസ്‌ലാമി. എന്തിനാണ് ഒരു കമ്മ്യൂണിറ്റിയെ ജമാഅത്തെ ഇസ്‌ലാമി എന്ന പരിച വച്ച് ഇവര്‍ തടുക്കാൻ നോക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി എന്താണെന്ന് എ.കെ.ബാലന് അറിയാമല്ലോ. ജമാഅത്തെ ഇസ്‌ലാമി കേരളത്തിന്റെ അഭ്യന്തര മന്ത്രി ആവണമെങ്കിൽ അവർക്ക് ഭരണം കിട്ടണമെന്നും അറിയാമല്ലോ. അപ്പോ ഏതായാലും ഭരണം പോകുമെന്ന് ബാലന്‍ ഉറപ്പിച്ചു. പിന്നെ അത് ജമാഅത്തെ ഇസ്‌ലാമിക്ക് കിട്ടും. അത് അവരുടെ ഒരു ദിവാസ്വപ്നമാണ്. കേരളത്തിൽ ഒരു സെക്കുലർ ഗവൺമെന്‍റ് വരും. അതിനകത്ത് ഒരു സെക്കുലർ മനുഷ്യൻ കേരളത്തിന്റെ അഭ്യന്തര മന്ത്രി ആകും. ബാലന്റെ സ്വപ്നം നടക്കാൻ പോകുന്നില്ല’ ഷാജി പറയുന്നു.
നേരത്തെയും ബാലന് എതിരെ ഷാജി രംഗത്തെത്തിയിരുന്നു. ബാലനെ അധിക്ഷേപിച്ചാണ് ഷാജി എത്തിയത്. ബാലന് മൂത്ത് നരച്ച് ബുദ്ധി കുറവായിരിക്കുന്നു. മര്യാദയ്ക്ക് ബാലന് പുരയില്‍ ഇരുന്ന് ഖുറാന്‍ വായിക്കാം. ബാലനും ജയിലില്‍ പോകാന്‍ തയാറാണെന്ന് പറയുന്നു. നാട്ടിൽ നിൽക്കുന്നതിനെക്കാൾ വരുമാനം ജയിലിലാണ്. ജയിലിലുള്ള സുഹൃത്തുക്കൾക്കും കുടുംബത്തിന് മുഴുവനും പോകുമ്പോൾ കിട്ടേണ്ട തുകയാണ് പിണറായി വിജയൻ കൂട്ടിയതെന്നും ഷാജി പറഞ്ഞിരുന്നു.