ഗ്രീന്‍ലന്‍ഡിനെ നിയന്ത്രിക്കാനുള്ള യുഎസിന്റെ നീക്കത്തെ പിന്തുണയ്ക്കാത്ത എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മേല്‍ തീരുവ ചുമത്തി ഡോണള്‍ഡ് ട്രംപ്. ഇവിടെ നിന്നുള്ള നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്തിയാണ് ട്രംപിന്റെ നടപടി. ഫെബുവരി ഒന്നുമുതല്‍ പുതിയ തീരുവ നിലവില്‍ വരും. ഡെന്‍മാര്‍ക്ക് , യുകെ, ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ട്രംപ് തീരുവ പ്രഖ്യാപിച്ചത്.
യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് അനിവാര്യമാണെന്നാണ് ട്രംപിന്റെ പക്ഷം. എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുറത്തുവിട്ടത്. ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കുന്നതുവരെ താരിഫ് നിലനില്‍ക്കുമെന്നും ജൂണ്‍ 1 മുതല്‍ താരിഫുകള്‍ 25% ആയി വര്‍ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഡെന്‍മാര്‍ക്കും ഗ്രീന്‍ലന്‍ഡുമാണ് അവരുടെ കാര്യം തീരുമാനിക്കേണ്ടതെന്നും പുറത്ത് നിന്നും ആര്‍ക്കും ഇടപെടാന്‍ അധികാരമില്ലെന്നുമായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാട്. ഗ്രീന്‍ലന്‍ഡിന് മേല്‍ കടന്നാക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാനുള്ള അവരുടെ അവകാശത്തെ തുണയ്ക്കുമെന്ന് ഫ്രാന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്രീന്‍ലന്‍ഡ് വില്‍ക്കാന്‍ വച്ചിട്ടില്ലെന്ന് ഗ്രീന്‍ലന്‍ഡുകാരും ഡെന്‍മാര്‍ക്കും വ്യക്തമാക്കിയിരുന്നു. യുഎസിന്‍റെ ഭാഗമാകാന്‍ ഒരു താല്‍പര്യവുമില്ലെന്നും ഗ്രീന്‍ലന്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു. ഡെന്‍മാര്‍ക്കിന്‍റെ അഭ്യര്‍ഥന പ്രകാരം സൈന്യത്തെ ഗ്രീന്‍ലന്‍ഡിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളുെട ഈ നടപടി അങ്ങേയറ്റം അപകടം പിടിച്ചതാണെന്നും ഇത് അധികകാലം മുന്നോട്ട് പോകില്ലെന്നും ട്രംപ് പറയുന്നു. അതേസമയം സഖ്യകക്ഷികള്‍ക്ക് മേല്‍ തീരുവ ചുമത്തുന്ന ട്രംപിന്‍റെ നടപടി അപലപനീയമാണെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ തുറന്നടിച്ചത്. നാറ്റോ രാജ്യങ്ങളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിച്ചതിനാണ് ട്രംപ് ഇത്തരമൊരു നടപടിയെടുത്തതെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. ട്രംപിന്‍റെ തീരുവ പ്രഖ്യാപനത്തിന് ശേഷവും ഡെന്‍മാര്‍ക്കിനും ഗ്രീന്‍ലന്‍ഡിനും പൂര്‍ണ പിന്തുണയെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്‍റ് ഉര്‍സുലയും യൂറോപ്യന്‍ യൂണിയനും എക്സില്‍ കുറിച്ചു. ഏത് താരിഫ് വന്നാലും യൂറോപ് ഐക്യത്തോടും സഹകരണത്തോടും പരസ്പര പരമാധികാരം സംരക്ഷിക്കുന്നതിനായും നിലകൊള്ളുമെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. ഗ്രീന്‍ലന്‍ഡും താരിഫും തമ്മില്‍ ആരും കൂട്ടിക്കുഴയ്ക്കാന്‍ മെനക്കെടേണ്ടെന്നായിരുന്നു നോര്‍വേയുടെയും സ്വീഡന്‍റെയും പ്രതികരണം.