പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയും പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും ഷിംല കരാറില്‍ ഒപ്പിടുന്നു
പഹല്‍ഗാമില്‍ നിരപരാധികളായ 26 മനുഷ്യരെ ഭീകരര്‍ കശാപ്പുചെയ്തിട്ട് നാലുനാള്‍ കഴിഞ്ഞു. ആക്രമണം ഇന്ത്യയിലുണ്ടാക്കിയ വേദനയുടെ ആഴം പറഞ്ഞറിയിക്കാവതല്ല. അതുകൊണ്ടുതന്നെയാണ് തിരിച്ചടിക്ക് കനം കൂടുന്നതും. ഒരു യുദ്ധത്തിലും, ഒരു പ്രതിസന്ധിയിലും ഇന്നേവരെ തൊടാതിരുന്ന സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കി. തൊട്ടുപിന്നാലെ ചരിത്രപ്രാധാന്യമുള്ള ഷിംല കരാറില്‍ നിന്ന് പാക്കിസ്ഥാനും പിന്മാറി. ഇതിനൊപ്പം മറ്റ് പല നിര്‍ണായക തീരുമാനങ്ങളും പ്രഖ്യാപിച്ചെങ്കിലും ഈ രണ്ട് കരാറുകളുടെ റദ്ദുചെയ്യല്‍ ഇന്ത്യ–പാക് ബന്ധത്തെ എല്ലാ തലത്തിലും സ്വാധീനിക്കും. പഹല്‍ഗാം ആക്രമണം സൃഷ്ടിച്ച രോഷം മാറ്റിവച്ച്, ഏറ്റവും നിഷ്പക്ഷമായി വിലയിരുത്തിയാല്‍പ്പോലും ഈ തീരുമാനങ്ങള്‍ പാക്കിസ്ഥാനെയാണ് ഏറ്റവും ബാധിക്കുക. സിന്ധു നദീജല കരാറില്‍ ഉള്‍പ്പെട്ട നദികളെയും അതിലെ ജലത്തെയും ആശ്രയിച്ചാണ് പാക്കിസ്ഥാന്‍റെ നിലനില്‍പ്പ്. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്നതല്ലെങ്കില്‍പ്പോലും ഷിംല കരാറിന്‍റെ പ്രാധാന്യവും ഒട്ടും കുറവല്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഷിംല കരാര്‍ ഒരേസമയം ബാധ്യതയും സഹായവും ആയിരുന്നു എന്നുവേണം പറയാന്‍. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുംവിധമല്ല കരാര്‍ ഉണ്ടാക്കിയതും ഒപ്പുവച്ചതും എന്ന ആക്ഷേപം പണ്ടുമുതല്‍ക്കേയുണ്ട്. എന്നാല്‍ കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പോരടിക്കുന്ന വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങളുടെയോ ഏജന്‍സികളുടെയോ നേരിട്ടുള്ള ഇടപെടല്‍ ഒഴിവാക്കി നിര്‍ത്തിയതില്‍ ഈ ഉടമ്പടിക്ക് പങ്കുണ്ട്. എല്ലാ തര്‍ക്കങ്ങളും ഉഭയകക്ഷി പ്രശ്നമായി കണ്ട് ചര്‍ച്ചയിലൂടെ പരിഹാരം കാണണം എന്നതായിരുന്നു ഷിംല കരാറിന്‍റെ അടിസ്ഥാനം. അതില്‍ ഇന്ത്യയ്ക്ക് എന്തുഗുണം കിട്ടി എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള ഉത്തരമറിയാന്‍ ആദ്യം എന്താണ് ഷിംല കരാര്‍ എന്നറിയണം. അത് ഒപ്പിട്ട പശ്ചാത്തലവും അറിയണം.
1971. ബംഗ്ലാദേശ് വിമോചനയുദ്ധം. പാക്കിസ്ഥാന്‍ സൈന്യം ലോകചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ഇന്ത്യന്‍ സൈന്യത്തിന് കീഴടങ്ങി. ഷെയ്ക് മുജീബുര്‍ റഹ്മാന്‍ ബംഗ്ലാദേശിന്‍റെ ഭരണാധികാരം ഏറ്റെടുത്തു. പട്ടാളക്കാരും അര്‍ധസൈനികരും പൊലീസുകാരുമടക്കം 90,000 പാക്കിസ്ഥാന്‍കാര്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ പിടിയിലായി. പടിഞ്ഞാറന്‍ അതിര്‍ത്തിയിലും വലിയ മുന്നേറ്റം നടത്തിയ ഇന്ത്യ പാക്കിസ്ഥാന്റെ 15,000 ചതുരശ്ര കിലോമീറ്ററോളം ഭൂമി നിയന്ത്രണത്തിലാക്കി. 600 പാക് പട്ടാളക്കാരെയും പിടികൂടി. ഇതോടെ കീഴടങ്ങല്‍ മാത്രമായി പാക് സൈന്യത്തിന് മുന്നിലുള്ള ഏകവഴി. കിഴക്കന്‍ പാക്കിസ്ഥാനിലെ പട്ടാളമേധാവി ലഫ്റ്റനന്റ് ജനറല്‍ ആമിര്‍ അബ്ദുല്ല ഖാന്‍ നിയാസി ഇന്ത്യയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ജെ.എസ്.ഔറോറയുടെ മുന്നില്‍ ഇരുന്ന് കീഴടങ്ങല്‍ രേഖ ഒപ്പിടുന്ന ദൃശ്യം ലോകചരിത്രത്തിലെ തന്നെ സുപ്രധാന ഏടാണ്. പിറ്റേന്ന് പടിഞ്ഞാറന്‍ അതിര്‍ത്തിയിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
ഷിംല കരാര്‍ റദ്ദാക്കുന്നതിന് മുന്‍പ് ചേര്‍ന്ന പാക് സര്‍ക്കാരിന്‍റെ അടിയന്തരയോഗം
ജനീവ കരാറില്‍ ഒപ്പുവച്ചതിനാല്‍ ഇന്ത്യയ്ക്ക് യുദ്ധത്തടവുകാരെ സ്ഥിരമായി പിടിച്ചുവയ്ക്കാന്‍ കഴിയുമായിരുന്നില്ല. മാത്രമല്ല, ബംഗ്ലാദേശില്‍ കീഴടങ്ങാന്‍ കരസേനാമേധാവി ജനറല്‍ സാം മനേക് ഷാ പാക്കിസ്ഥാന്‍ പട്ടാളത്തിന് കൊടുത്ത ഉറപ്പായിരുന്നു യുദ്ധത്തടവുകാരെ യഥാസമയം മോചിപ്പിക്കാം എന്നത്. നാട്ടില്‍ ജനങ്ങള്‍ക്കുമുന്നിലും രാജ്യാന്തര തലത്തിലും നാണംകെട്ട പാക്കിസ്ഥാന്‍ സര്‍ക്കാരിനും സൈന്യത്തിനും ചര്‍ച്ചയല്ലാതെ മറ്റുമാര്‍ഗമില്ലാത്ത സ്ഥിതിയായി. അങ്ങനെയാണ് ഷിംല ഉച്ചകോടിക്ക് വഴിയൊരുങ്ങിയത്. ഒരു യുദ്ധത്തിനുശേഷം ശത്രുരാജ്യത്തോട് കാട്ടാവുന്ന എല്ലാ മാന്യതയും മര്യാദയും ഇന്ത്യ പ്രകടിപ്പിച്ചു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോ ചര്‍ച്ചയ്ക്കായി ഷിംലയിലെത്തി. ഇന്നത്തെ രാജ്ഭവന്‍ ആയ ബാണ്‍സ് കോര്‍ട്ടില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും ഭൂട്ടോയും ചര്‍ച്ച തുടങ്ങി.
സേനാമേധാവി ജനറല്‍ സാം മനേക് ഷാ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കൊപ്പം
പട്ടാളത്തിന്‍റെ കനത്ത തോല്‍വി പാക്കിസ്ഥാനിലെ സിവിലിയന്‍ ഭരണകൂടം ആഗ്രഹിച്ചിരുന്നോ എന്നുപോലും തോന്നിപ്പിക്കുന്നതായിരുന്നു ഭൂട്ടോയുടെ നിലപാടുകള്‍. യുദ്ധത്തടവുകാരുടെ മോചനം അദ്ദേഹത്തിന്‍റെ മുന്‍ഗണനയേ ആയിരുന്നില്ല. ചര്‍ച്ചയില്‍ നിര്‍ണായകപങ്കുവഹിച്ചിരുന്ന പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എന്‍.ഹസ്കറിനോട് ഭൂട്ടോ പറഞ്ഞത് ഇങ്ങനെ. ‘യുദ്ധത്തടവുകാരുടെ കാര്യമാണോ, അവരെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഗംഗയിലെറിയാം...’ പാക് സൈന്യത്തെ സര്‍ക്കാരിന്‍റെ വരുതിയില്‍ നിര്‍ത്താനുള്ള ഉപാധിയായാണ് കൗശലക്കാരനായ ഭൂട്ടോ ഈ തോല്‍വിയെ കണ്ടതെന്ന് ചുരുക്കം.
യുദ്ധത്തില്‍ തോറ്റമ്പിയ പാക്കിസ്ഥാനെ കൂടുതല്‍ നാണംകെടുത്തി, എക്കാലത്തേക്കും ഇന്ത്യാവിരോധികളും പ്രതികാരദാഹികളും ആക്കാന്‍ ഇന്ദിരാഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രഗല്‍ഭരായ തന്ത്രജ്ഞരും ആഗ്രഹിച്ചിരുന്നില്ല. പകരം തന്ത്രപരമായ നേട്ടങ്ങള്‍ക്കാണ് അവര്‍ ഊന്നല്‍ നല്‍കിയത്. ബംഗ്ലാദേശിനെ സ്വതന്ത്രരാഷ്ട്രമായി പാക്കിസ്ഥാനെക്കൊണ്ട് അംഗീകരിപ്പിക്കലായിരുന്നു അതിലൊന്ന്. ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഒരുകോടിയോളം അഭയാര്‍ഥികളെ തിരിച്ചയക്കലായിരുന്നു മറ്റൊരു ലക്ഷ്യം. ഇതിനെല്ലാം പുറമേ കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബാഹ്യ ഇടപെടല്‍ എന്നെന്നേക്കുമായി തടയുക എന്ന വലിയ ലക്ഷ്യം കൂടി ഇന്ത്യയ്ക്കുണ്ടായിരുന്നു.
പലകുറി വഴിമുട്ടിയ ചര്‍ച്ചകള്‍ ഒടുവില്‍ റദ്ദാക്കപ്പെടുമെന്നുപോലും തോന്നിച്ചു. ഉച്ചകോടി കവര്‍ ചെയ്തിരുന്ന ദൂരദര്‍ശന്‍ സംഘം കാമറകള്‍ പെട്ടിയിലാക്കി സ്ഥലംവിട്ടതോടെ ഇത് ഏറെക്കുറെ ഉറപ്പിച്ചു. ഒരു സംയുക്തപ്രസ്താവയാണ് പാക്കിസ്ഥാന്‍ ആഗ്രഹിച്ചത്. എന്നാല്‍ കരാര്‍ തന്നെ വേണം എന്ന് ഇന്ത്യ നിലപാടെടുത്തു. ഒടുവില്‍ രാത്രി വൈകി നടന്ന തീവ്രശ്രമങ്ങളുടെ ഫലമായി ഷിംല കരാറിന്‍റെ കരട് തയാറായി. ദൂരദര്‍ശന്‍ സംഘത്തെ തിരിച്ചുവിളിച്ചു. അധികം വൈകാതെ അവരെത്തി.
1972 ജൂലൈ മൂന്നിന് പുലര്‍ച്ചെ 12.40. ഇന്ദിര ഗാന്ധിയും സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ചരിത്രം കുറിച്ച ഷിംല കരാറില്‍ ഒപ്പുവച്ചു. കരാറില്‍ രേഖപ്പെടുത്തിയ തീയതി പക്ഷേ 1972 ജൂലൈ 2 ആണ്. വെറും മൂന്ന് പേജുകളില്‍ 6 ഖണ്ഡികകള്‍ മാത്രമുള്ള ഒരു ഉടമ്പടി. അതാണ് പിന്നീടുള്ള ഇന്ത്യ–പാക് ബന്ധത്തില്‍ സുപ്രധാന പങ്കുവഹിച്ച ഷിംല കരാര്‍.
ഷിംല കരാര്‍ ഒപ്പുവച്ച മേശപ്പുറത്തുനിന്ന് പാക് പതാക നീക്കിയപ്പോള്‍
എന്താണ് ഷിംല കരാറിലുള്ളത്?
1. സ്വാതന്ത്ര്യത്തിനുശേഷമുള്ള 25 വര്‍ഷക്കാലം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളും പൂര്‍ണമായി അവസാനിപ്പിച്ച് സൗഹൃദവും സഹവര്‍ത്തിത്വവും പുനസ്ഥാപിക്കാനും അതുവഴി ഇരുരാജ്യങ്ങളിലും ലഭ്യമായ വിഭവങ്ങള്‍ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കുമായി വിനിയോഗിക്കാനും തീരുമാനിച്ചിരിക്കുന്നു. ഇതാണ് ഷിംല കരാറിന്‍റെ ആദ്യവരി.
അത് സാധ്യമാക്കാന്‍ കരാറില്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥകള്‍ ഇങ്ങനെയാണ്.
A. യുഎന്‍ ചാര്‍ട്ടറിലെ തത്വങ്ങളും ഉദ്ദേശ്യങ്ങളും പാലിച്ചായിരിക്കും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം.
B. ഉഭയകക്ഷി ചര്‍ച്ചവഴിയോ ഉഭയസമ്മതപ്രകാരം തീരുമാനിക്കപ്പെടുന്ന മറ്റേതെങ്കിലും സംവിധാനം വഴിയോ മാത്രമായിരിക്കും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുക. നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുംവരെ സമാധാനവും സൗഹാര്‍ദവും തകര്‍ക്കുന്ന ഒരുകാര്യവും ഇരുരാജ്യങ്ങളും സംഘടിപ്പിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യില്ല.
C. അനുരഞ്ജനത്തിനും സ്ഥിരമായ സമാധാനത്തിനും നല്ല അയല്‍ബന്ധത്തിനും അടിസ്ഥാനം സമാധാനപരമായ സഹവര്‍ത്തിത്വവും അതിര്‍ത്തികള്‍ മാനിക്കലും ആഭ്യന്തരവിഷയങ്ങളില്‍ പരസ്പരം ഇടപെടാതിരിക്കലുമാണ്.
D. ഉഭയകക്ഷിബന്ധം തകരാറിലാക്കിയ എല്ലാ പ്രശ്നങ്ങളും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ വേണം പരിഹരിക്കാന്‍.
E. ഇരുരാജ്യങ്ങളുടെയും ദേശീയ ഐക്യം, അതിര്‍ത്തികള്‍, രാഷ്ട്രീയസ്വാതന്ത്ര്യം, പരമാധികാരം എന്നിവ എക്കാലവും ബഹുമാനിക്കും.
F. രാഷ്ട്രീയസ്വാതന്ത്ര്യമോ ഭൂപരമായ ഐക്യമോ തകര്‍ക്കുന്ന തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇരുരാജ്യങ്ങളും വിട്ടുനില്‍ക്കും.
2. ഇന്ത്യയ്ക്കെതിരെയോ പാക്കിസ്ഥാനെതിരെയോ വിദ്വേഷം വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള എല്ലാ പ്രചാരണങ്ങളും തടയും. പരസ്പരസൗഹൃദം വളര്‍ത്താനുതകുന്ന പ്രചാരണങ്ങള്‍ പ്രോല്‍സാഹിപ്പിക്കും. പാക്കിസ്ഥാന്‍ ഒരിക്കലും പാലിച്ചിട്ടില്ലാത്ത ഈ വ്യവസ്ഥ പില്‍ക്കാലത്ത് ഏറെ പരിഹസിക്കപ്പെട്ടിട്ടുണ്ട്.
3. ഉഭയകക്ഷിബന്ധം ഘട്ടംഘട്ടമായി സാധാരണനിലയിലാക്കാന്‍ ഇരുരാജ്യങ്ങളും അംഗീകരിച്ച നടപടികള്‍ മൂന്നാമത്തെ ഖണ്ഡികയില്‍ വിവരിക്കുന്നു.
A. കമ്യൂണിക്കേഷന്‍, പോസ്റ്റല്‍, ടെലിഗ്രാഫ് എന്നിവ ഉള്‍പ്പെടെ ആശയവിനിമയസൗകര്യങ്ങളും റോഡും കടലും ആകാശവും വഴിയുമുള്ള യാത്രാ മാര്‍ഗങ്ങളും പുനസ്ഥാപിക്കുക.
B. ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക.
C. വ്യാപാരവും സാമ്പത്തികസഹകരണവും തിരഞ്ഞെടുക്കപ്പെട്ട മറ്റ് മേഖലകളിലെ സഹകരണവും പ്രോല്‍സാഹിപ്പിക്കുക.
D. ശാസ്ത്രരംഗത്തും സാസ്കാരികമേഖലയിലുമുള്ള പങ്കുവയ്ക്കലുകള്‍ പ്രോല്‍സാഹിപ്പിക്കുക.
ഇക്കാര്യങ്ങള്‍ക്കായി ഇരുരാജ്യങ്ങളിലെയും പ്രതിനിധിസംഘങ്ങള്‍ യഥാസമയം ചര്‍ച്ചകള്‍ നടത്തുകയും നടപടിക്രമങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
4. സ്ഥിരമായി സമാധാനം പുനസ്ഥാപിക്കാന്‍ ഇരുസര്‍ക്കാരുകളും ചെയ്യേണ്ട നടപടികളാണ് നാലാമത്തെ ഖണ്ഡികയില്‍. അതിനുള്ള വ്യവസ്ഥകള്‍ ഇവയാണ്.
A. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സേനകള്‍ അവരവരുടെ രാജ്യാന്തര അതിര്‍ത്തിക്കുള്ളിലേക്ക് മടങ്ങിപ്പോകണം.
B. ജമ്മുകശ്മീരില്‍ 1971 ഡിസംബര്‍ 17ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള നിയന്ത്രണരേഖ ഇരുരാജ്യങ്ങളും മാനിക്കണം. എന്തെല്ലാം ഭിന്നതകളുണ്ടായാലും ആരും ഏകപക്ഷീയമായി നിയന്ത്രണരേഖയില്‍ മാറ്റംവരുത്താന്‍ ശ്രമിക്കരുത്. നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് ബലപ്രയോഗത്തിനോ ഭീഷണികള്‍ക്കോ മുതിരരുത്.
C. കരാര്‍ പ്രാബല്യത്തില്‍ വന്നാലുടന്‍ സൈനികപിന്‍മാറ്റം ആരംഭിക്കണം. 30 ദിവസത്തിനകം പൂര്‍ത്തിയാക്കുകയും വേണം.
5. ഇരുരാജ്യങ്ങളിലെയും ഭരണഘടനാനടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും കരാര്‍ നടപ്പാക്കുക. പാര്‍ലമെന്‍റ് അംഗീകരിച്ച കരാര്‍ പരസ്പരം കൈമാറുന്ന ദിവസം മുതല്‍ പ്രാബല്യത്തിലാകും.
6. ഷിംല കരാര്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാര്‍ ഭാവിയില്‍ വീണ്ടും യോഗം ചേരണം. യുദ്ധത്തടവുകാരുടെ കൈമാറ്റം, കശ്മീര്‍ പ്രശ്നപരിഹാരം, നയതന്ത്രബന്ധം പുനസ്ഥാപിക്കല്‍ തുടങ്ങി ഉഭയകക്ഷിബന്ധം സാധാരണനിലയിലാക്കാനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇരുരാജ്യങ്ങളും പ്രതിനിധിസംഘങ്ങളെ നിയോഗിക്കും എന്നുകൂടി പറഞ്ഞുവച്ചാണ് രേഖ അവസാനിക്കുന്നത്.
ഷിംല കരാറിന്‍റെ നേട്ടങ്ങള്‍
ഷിംല കരാറില്‍ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. 1. കശ്മീര്‍ പ്രശ്നത്തിന് ശാശ്വതപരിഹാരം അല്ലെങ്കില്‍ ബാഹ്യ ഇടപെടല്‍ തടയല്‍. 2. ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ മേധാവിത്വം പാക്കിസ്ഥാനെക്കൊണ്ട് അംഗീകരിപ്പിക്കുകയും ഉഭയകക്ഷിബന്ധത്തില്‍ പുതിയൊരു യുഗം തുറക്കുകയും ചെയ്യുക. 3. ഈ രണ്ടുകാര്യങ്ങളും പാക്കിസ്ഥാനെ ചിരവൈരികളാക്കാതെ നടപ്പാക്കാന്‍ കഴിയുക.
അന്നത്തെ സാഹചര്യത്തില്‍ ഇന്ത്യ ലക്ഷ്യമിട്ട ചില കാര്യങ്ങള്‍ സാധിച്ചു. കഴിയാതെ പോയ പലതും പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബാഹ്യ ഇടപെടല്‍ തടുത്തുനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനനേട്ടം. യുദ്ധത്തിന്‍റെ വക്കോളമെത്തിയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ പലപ്പോഴും അമേരിക്കയും റഷ്യയും ബ്രിട്ടണും യുഎഇ വരെയും ഇടപെട്ടിട്ടുണ്ടെങ്കിലും അതൊന്നും പരസ്യമായിട്ടായിരുന്നില്ല. മൂന്നാംകക്ഷിയുടെ നേരിട്ടുള്ള മധ്യസ്ഥതയില്‍ ഇതുവരെ ഒരു ചര്‍ച്ചയും ഉണ്ടാകാത്തതിന് കാരണം ഷിംല കരാര്‍ ആണ്. മാത്രമല്ല, ഇടപെടാനുള്ള പാക്കിസ്ഥാന്‍റെ സമ്മര്‍ദം അതിജീവിക്കാന്‍ പല രാജ്യങ്ങളും ഉപയോഗിച്ചതും ഷിംല കരാറിനെത്തന്നെ. 1972ന് ശേഷം കാര്‍ഗില്‍ ഒഴികെ ഒരുസംഘര്‍ഷവും യുദ്ധമെന്ന് വിളിക്കാവുന്ന അവസ്ഥയില്‍ എത്താത്തതിന് കാരണവും ഷിംല കരാറാണെന്ന് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വസ്തുതകള്‍ പരിശോധിച്ചാല്‍ അത് ശരിയാണുതാനും. സ്വാതന്ത്ര്യം ലഭിച്ചശേഷമുള്ള 24 വര്‍ഷത്തിനിടെ മൂന്ന് വലിയ യുദ്ധങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്നത്. കരാറിനുശേഷമുള്ള 63 വര്‍ഷത്തെ ചരിത്രം എടുത്തുകാട്ടുന്ന യുദ്ധം കാര്‍ഗില്‍ മാത്രം. അതും പരിഹരിച്ചത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണന്റെ മധ്യസ്ഥതയിലായിരുന്നെങ്കിലും അതും പരസ്യപ്പെടുത്തിയിരുന്നില്ല.
രണ്ടാമത്തെ ലക്ഷ്യം ഒരിക്കലും നടന്നില്ല. അതിന് കാരണം പാക്കിസ്ഥാനിലെ പട്ടാളവും രാഷ്ട്രീയ അസ്ഥിരതയും സ്ഥാപിതതാല്‍പര്യങ്ങളും തന്നെയാണ്. ഇന്ത്യാവിരോധം മുഖ്യ ആയുധമാക്കി അവര്‍ നടത്തിയ പ്രചാരണങ്ങള്‍ പാക്കിസ്ഥാന്‍ ജനതയുടെയും പിന്നീടുവന്ന തലമുറകളുടെയും മനസില്‍ ഇന്ത്യയ്ക്കെതിരെ കടുത്ത ശത്രുതയുണ്ടാക്കാന്‍ മാത്രമാണ് വഴിവച്ചത്.
നഷ്ടമായ സുവര്‍ണാവസരം?
കശ്മീര്‍ പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ദിര ഗാന്ധി പാഴാക്കിയതെന്ന് ഏറെക്കാലമായി ആരോപിക്കപ്പെടുന്നുണ്ട്. പാക് അധീന കശ്മീരിന്‍റെ 15000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശവും 90,000 പാക് യുദ്ധത്തടവുകാരും കൈവശമുണ്ടായിരിക്കേ രണ്ടും സ്വമേധയാ പാക്കിസ്ഥാന് തിരികെ നല്‍കി എന്നതാണ് പ്രധാന കുറ്റമായി ചൂണ്ടിക്കാട്ടുന്നത്. പാക്കിസ്ഥാന്‍റെ തനിനിറം തിരിച്ചറിയുന്നതിലും ആണവായുധശേഷി അടക്കം ആര്‍ജിക്കാനുള്ള അവരുടെ നീക്കം മുന്‍കൂട്ടി കണ്ട് നിലപാടെടുക്കുന്നതിലും അവര്‍ പരാജയപ്പെട്ടെന്ന് പറയുന്നവരുണ്ട്. ഷിംല കരാര്‍ ഒപ്പിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ അട്ടിമറിച്ച് സൈനികമേധാവി ജനറല്‍ സിയാ ഉള്‍ ഹഖ് പാക്കിസ്ഥാനില്‍ അധികാരം പിടിക്കുകയും ഭൂട്ടോയെ തൂക്കിലേറ്റുകയും ചെയ്തത് ചരിത്രം.
ഭൂട്ടോയെ പുറത്താക്കി അധികാരം പിടിച്ചതായി പ്രഖ്യാപിക്കുന്ന ജനറല്‍ സിയാ ഉള്‍ ഹഖ്
കഴിഞ്ഞ നൂറ്റാണ്ടിലെ സാഹചര്യങ്ങള്‍ വച്ചുനോക്കിയാല്‍ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് തോന്നാം. പക്ഷേ 1998ല്‍ ഇരുരാജ്യങ്ങളും ആണവായുധശേഷി പ്രഖ്യാപിച്ചശേഷം ശാക്തിക ബലാബലത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് യുദ്ധത്തിലെ തോല്‍വിക്കുശേഷവും ഇന്ത്യയുമായി സൈനികശേഷിയില്‍ തുല്യത കൈവരിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ അവസാനിക്കില്ലെന്ന് ഉറപ്പായിരുന്നു. അങ്ങനെ തന്നെയാണ് സംഭവിച്ചതും.
കാര്‍ഗില്‍ യുദ്ധവിജയം പ്രഖ്യാപിച്ച് ഇന്ത്യന്‍ സൈനികര്‍
ഷിംല കരാര്‍ ഇന്ത്യയ്ക്കെതിരെ പലവട്ടം യുദ്ധം ചെയ്ത ഒരു രാജ്യവുമായുള്ള സമാധാനക്കരാറിന്‍റെ നിലവാരത്തിലുള്ള ഒന്നല്ല ഒരു സമാധാന പ്രസ്താവന മാത്രമാണെന്ന് വാദിക്കുന്നവരുണ്ട്. പല വാചകങ്ങളും വായിച്ചാല്‍ സത്യമാണെന്ന് തോന്നുകയും ചെയ്യും. വിദ്വേഷപ്രചാരണം നടത്തില്ലെന്ന പ്രഖ്യാപനവും അതിര്‍ത്തി മാനിക്കുമെന്ന വ്യവസ്ഥയുമെല്ലാം പാക്കിസ്ഥാന്‍ എന്നും കാറ്റില്‍പ്പറത്തിയിട്ടേയുള്ളു. അതിര്‍ത്തി ലംഘിച്ചുള്ള കടന്നുകയറ്റങ്ങളും ഭീകരരെ കടത്തിവിടലും അവരെ ഉപയോഗിച്ചുള്ള നിഴല്‍യുദ്ധവും ആണവഭീഷണിയുമെല്ലാം ഇതില്‍ ചിലതുമാത്രം. അതായത് പാക്കിസ്ഥാന്‍ ഒരിക്കലും പാലിച്ചിട്ടില്ലാത്ത, മാനിച്ചിട്ടില്ലാത്ത ഒരു ഉടമ്പടിയാണ് അവര്‍ തന്നെ റദ്ദാക്കിയെന്ന് പ്രഖ്യാപിക്കുന്നത്. ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചിരുന്നതുമാണ്. പക്ഷേ സിന്ധു നദീജല കരാര്‍ അങ്ങനെയല്ല. അത് പാക്കിസ്ഥാന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. വെള്ളത്തില്‍ തൊട്ടാല്‍ യുദ്ധപ്രഖ്യാപനമായി കരുതുമെന്ന പാക്കിസ്ഥാന്‍റെ പ്രതികരണം തന്നെ അതിന് തെളിവ്.
നിമുവില്‍ സിന്ധു, സന്‍സ്കാര്‍ നദികളുടെ സംഗമസ്ഥാനം
ഷിംല കരാര്‍ ഒപ്പിട്ട കാലത്തെ ഇന്ത്യയല്ല ഇന്ന്. ഇന്നത്തെ ഇന്ത്യയെ വെല്ലുവിളിക്കാന്‍ പാക്കിസ്ഥാന്‍റെ പക്കല്‍ ആകെയുള്ളത് ആണവായുധം മാത്രമാണ്. ആഗോളസ്വാധീനത്തിലോ സൈനികശേഷിയിലോ സാമ്പത്തികശേഷിയിലോ സാമൂഹ്യപുരോഗതിയിലോ ഇന്ത്യയുടെ ഏഴയലത്തില്ലാത്ത അവര്‍ക്ക് അത്തരം സാഹസികതകള്‍ക്ക് മുതിരാന്‍ അത്രവേഗം കഴിയുകയുമില്ല. ഭീകരരെ ഉപയോഗിച്ചുള്ള നിഴല്‍യുദ്ധം നയമായി കൊണ്ടുനടക്കുന്ന സമീപനം മാറ്റാതെ, രാഷ്ട്രീയനേതൃത്വത്തിന് പട്ടാളനേതൃത്വത്തിനുമേല്‍ നിയന്ത്രണമില്ലാതെ പാക്കിസ്ഥാന് മാറാനുമാവില്ല. അടുത്തെങ്ങും അത്തരമൊരു അല്‍ഭുതം പ്രതീക്ഷിക്കേണ്ടതുമില്ല.