അണ്ണാ ഡിഎംകെ– ബിജെപി സഖ്യം രൂപീകരിച്ചതിന് പിന്നാലെ വിവാദങ്ങളും സജീവമാകുകയാണ്. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ള സഖ്യമെന്നും കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടിയല്ലെന്നും അണ്ണാഡിഎംകെ ആവര്‍ത്തിക്കുകയാണ്. എന്നാല്‍ സഖ്യം തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബിജെപി അധികാരം വേണ്ടെന്ന് വയ്ക്കില്ലെന്നാണ് വിലയിരുത്തല്‍.
ബിജെപിയുമായുള്ള സഖ്യം തിരഞ്ഞെടുപ്പിന് മാത്രമാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാനല്ലെന്നും എടപ്പാടി പളനിസാമി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇതേ കാര്യം ആവര്‍ത്തിക്കുകയാണ് അണ്ണാ ഡിഎംകെയിലെ മറ്റുനേതാക്കളും . അണ്ണാ ഡിഎംകെയും ബിജെപിയും വീണ്ടും സഖ്യമുണ്ടാക്കിയപ്പോള്‍ തമിഴ്നാട്ടില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇത് തള്ളുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ എടപ്പാടി അടക്കമുള്ളവരുടെ പ്രതികരണം. ഇതോടെ സഖ്യത്തില്‍ കല്ലുകടിയോ എന്ന ചോദ്യം ഉയരുകയാണ്. എന്നാല്‍ അമിത്ഷായും എടപ്പാടിയും എന്ത് തീരുമാനിക്കുന്നുവോ അത് നടക്കുമെന്നും അനാവശ്യ സംശയങ്ങള്‍ ഉയര്‍ത്തി സഖ്യം പിളര്‍ത്താന്‍ ശ്രമിക്കരുത് എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ –ബിജെപി സഖ്യം വിജയിച്ചാല്‍ അണ്ണാ ഡിഎംകെ സര്‍ക്കാരാകുമോ അതോ എന്‍ഡിഎ സര്‍ക്കാരാകുമോ തമിഴ്നാട് ഭരിക്കുക എന്ന ആശയക്കുഴപ്പം അണികളിലുണ്ട്. ബിജെപി അധികാരം വേണ്ടെന്ന് വയ്ക്കാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് വിലയിരുത്തല്‍. വരും ദിവസങ്ങളിലും വിഷയം തമിഴ് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകും.