മണിപ്പുരില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താന്‍ സാധ്യത. പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ എംഎല്‍എമാര്‍ക്കിടയില്‍ സമവായമില്ലാത്തതിനാലാണ് നീക്കം. തല്‍ക്കാലം രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തി സമവായത്തിലെത്താനാണ് നീക്കം. എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നത ശക്തമായതിനെത്തുര്‍ന്ന് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം പാസാകുമെന്ന സൂചനയുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് ബിജെപി കേന്ദ്രനേതൃത്വം ബിരേന്‍ സിങ്ങില്‍ നിന്ന് രാജി വാങ്ങിയത്. അതേസമയം, സത്യബ്രത സിങ്, അധികാരിമായും ശരാദ ദേവി, യുംനാംഖേംചന്ദ്സിങ് എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലാണ്. മണിപ്പുര്‍ കലാപത്തിലെ ആസൂത്രകരിൽ ഒരാളെന്ന് പഴികേട്ടയാളാണ് രാജിവച്ച ബിരേന്‍ സിങ്.
ഭൂരിപക്ഷം ഹിന്ദു വിശ്വാസികളായ മെയ്തെയ്കളെ പട്ടികവർഗ വിഭാഗത്തിൽപ്പെടുത്താൻ മണിപ്പുർ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് മണിപ്പൂരില്‍ വംശീയ കലാപം തുടങ്ങിയത്. 2023 മേയ് മാസം മുതൽ മെയ്തെയ്കളും കുക്കികളും തമ്മിലടിച്ചപ്പോൾ കൊല്ലപ്പെട്ടത് മുന്നോറോളം പേരാണ്. ആയിരക്കണക്കിനുപേർ പലയാനം ചെയ്തു. സംസ്ഥാനത്തെ ക്രമസമാധാനനില നോക്കേണ്ട മുഖ്യമന്ത്രി എൻ.ബിരേൻ സിങ് കലാപത്തിലെ ആസൂത്രകരിൽ ഒരാളെന്ന് പഴികേട്ടു. പൊലീസ് ആയുധപ്പുരയിൽനിന്ന് തോക്കുകളും വെടിക്കോപ്പുകളും മെയ്തെയ് തീവ്ര സംഘടനയായ ആരംബായ് തെംഗോലിന് നൽകാൻ സംസ്ഥാന സർക്കാർ കൂട്ടുനിന്നുവെന്ന് ആരോപണമുണ്ട്.
തീവച്ച് നശിപ്പിക്കപ്പെട്ട വീടുകൾക്കും ആരാധനാലയങ്ങൾക്കും കണക്കില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകൾക്കുനേരെ പോലും അക്രമകാരികൾ തിരിഞ്ഞതോടെ വർത്തമാനകാല ഇന്ത്യയില സമ്പൂർണ അരാജകത്വം നിറഞ്ഞ സംസ്ഥാനമായി മണിപ്പുര്‍ മാറി. സാധാരണ പൗരൻമാർ പോലും അത്യാധുനിക സൈനിക നിലവാരത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ച് പോരാടി. രണ്ട് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തുന്ന വിഡിയോ പ്രചരിച്ചതോടെ, സ്ഥിതി സ്ഫോടനാത്മകമായി. പ്രധാനമന്ത്രിയും ഒടുവിൽ മൗനം വെടിഞ്ഞു. സൈന്യത്തിനും കേന്ദ്രസേനകൾക്കും പൂർണ സ്വാതന്ത്ര്യം ലഭിച്ചതോടെ കലാപകാരികളെ അമർച്ച ചെയ്തു തുടങ്ങി. ഇതോടെ ഒരു വിഭാഗത്തിനുവേണ്ടി മാത്രം നിന്നിരുന്ന മണിപ്പുർ പൊലീസ് ഇടഞ്ഞു.
ബിജെപി കേന്ദ്ര നേതൃത്വത്തില്‍ വിശ്വാസമുണ്ടെങ്കിലും സംസ്ഥാനഘടകത്തോടുള്ള വിയോജിപ്പ് എംഎല്‍എാര്‍ പരസ്യമാക്കി കഴിഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ട് സിറ്റിങ് സീറ്റും ബിജെപിക്ക് നഷ്ടമായി. കഴിഞ്ഞ ഏതാനും മാസങ്ങളായി മണിപ്പുരിൽനിന്ന് വലിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും കലാപത്തിന്റെ മുറിവുകൾ ഉണങ്ങാതെ തുടരുന്നു. കലാപത്തിൽ മുൻ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു ശബ്ദസന്ദേശത്തിൽ അന്വേഷണം തുടരുകയാണ്. ചില സ്വകാര്യ അന്വേഷണസംഘങ്ങൾ ശബ്ദം ബിരേൻ സിങ്ങിന്റെ തന്നെയെന്ന് 90% ഉറപ്പിച്ചുപറയുന്നുണ്ട്. ഒടുവില്‍ അവിശ്വാസ പ്രമേയത്തെ ഭയന്നാണ് ബിരേൻ സിങ്ങിനെ സംരക്ഷിച്ച ബിജെപി കേന്ദ്രനേതൃത്വം നിലപാട് മാറ്റിയത്.